ന്യൂഡല്‍ഹി :പഞ്ചാബ് കർഷകരുടെ 'ദില്ലി ചലോ' പ്രതിഷേധം ദേശീയ തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാൻ ഒരുങ്ങി സേന (Farmers' Protest March). പ്രതിഷേധം തടയാനായി 30,000 ത്തില്‍ അധികം കണ്ണീർ വാതക ഷെല്ലുകൾക്ക് ഡല്‍ഹി പൊലീസ് ഓർഡർ നൽകിയിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു (Delhi Police Orders 30,000 Tear Gas Shells). പഞ്ചാബിൽ നിന്ന് മാർച്ച് ചെയ്ത നൂറുകണക്കിന് കർഷകരെ ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെ അംബാലയ്ക്ക് സമീപം ഹരിയാനയുമായുള്ള സംസ്ഥാന അതിർത്തിയിൽ തടഞ്ഞു. ഹരിയാന സുരക്ഷാസേന ഇവരെ പിരിച്ചുവിടാൻ കണ്ണീർ വാതകവും പ്രയോഗിച്ചു.
പ്രതിഷേധക്കാർ മുന്നോട്ട് പോയാൽ അവരെ ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ഡൽഹി പൊലീസ് ഇതിനകം തന്നെ വൻതോതിൽ കണ്ണീർ വാതക ഷെല്ലുകൾ ശേഖരിച്ചു. മാത്രമല്ല മധ്യപ്രദേശ് - ഗ്വാളിയോറിലെ തേക്കൻപൂരിൽ സ്ഥിതി ചെയ്യുന്ന ബിഎസ്എഫിന്റെ ടിയർ സ്മോക്ക് യൂണിറ്റിൽ (ടിഎസ്യു) നിന്ന് 30,000 എണ്ണം കൂടി ഓർഡർ ചെയ്തതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഗ്വാളിയോറിൽ നിന്ന് ഡൽഹിയിലേക്ക് കണ്ണീർ വാതക ഷെല്ലുകൾ കൊണ്ടുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാസേന ഉപയോഗിക്കുന്ന ആയുധമാണ് ടിയർ ഗ്യാസ് ഷെൽ. കണ്ണുകളിൽ അസ്വസ്ഥത സൃഷ്ടിച്ച് ഗ്യാസ് കണ്ണുനീര് വരുത്തും. 2023 സെപ്റ്റംബറിൽ ജി 20 ഉച്ചകോടിക്ക് മുമ്പ് ടിയർ ഗ്യാസ് ഷെല്ലിന്റെ വന്‍ ശേഖരം പൊലീസ് കരുതിയിരുന്നു.
ഓരോ കണ്ണീർ വാതക ഷെല്ലിന്റെയും കാലാവധി മൂന്ന് വർഷമാണ്. അതിന് ശേഷം അവയുണ്ടാക്കുന്ന ആഘാതം സാവധാനത്തിൽ ദുർബലമാകുമെന്നും എന്നാൽ സേനകൾ പരിശീലന ആവശ്യങ്ങൾക്കായി ഏഴ് വർഷം വരെ അത് ഉപയോഗിക്കാറുണ്ടെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡൽഹി പൊലീസിന്റെ മാനദണ്ഡങ്ങൾ പ്രകാരം, ഒരു സ്റ്റോക്ക് ലഭിച്ചുകഴിഞ്ഞാൽ, ഷെല്ലുകൾ ജില്ല പൊലീസിനും സേനയുടെ മറ്റ് യൂണിറ്റുകൾക്കും വിതരണം ചെയ്യും. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത്, പുതിയ സ്റ്റോക്ക് ഔട്ടർ, ഔട്ടർ-നോർത്ത്, ഈസ്റ്റ് ജില്ല പൊലീസ് യൂണിറ്റുകള്‍ക്ക് വിതരണം ചെയ്യാനാവുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയ തലസ്ഥാനത്തെ പ്രതിഷേധ സ്ഥലങ്ങൾ അവരുടെ അധികാരപരിധിയിലാണ് വരുന്നത്.