ചണ്ഡീഗഡ്: കര്‍ഷക സമരം 13 ദിവസം പിന്നിടുമ്പോഴും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ തിരികെ വീടുകളിലേക്ക് മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ശംഭു, ഖാനൗരി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ. ഡൽഹിയിലേക്ക് മാർച്ച് നടത്താനുള്ള തീരുമാനം ഫെബ്രുവരി 29ലേക്ക് മാറ്റിവെച്ചിരിക്കുകയാണ് ഇപ്പോള്‍.
അതിനിടെ ശംഭു, ഖാനൗരി അതിർത്തിയിൽ ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ)യുടെ പോളിസിയെ കുറിച്ച് കര്‍ഷകര്‍ സെമിനാറുകള്‍ നടത്തി. ഡബ്ല്യുടിഒ നയങ്ങളെ പറ്റി കർഷകരെ ബോധവാന്മാരാക്കാനാണ് പദ്ധതി. കാർഷിക മേഖലയെ ഡബ്ല്യുടിഒയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നാളെ (26-02-2024) രാവിലെ ഡബ്ല്യുടിഒയുടെയും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും സർക്കാരുകളുടെയും കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും കര്‍ഷക നേതാവ് സർവാൻ സിങ് പന്ദേർ പറഞ്ഞു.
നാളെ ഉച്ചയ്ക്ക് ശേഷം രണ്ട് അതിർത്തികളിലും 20 അടിയിലധികം ഉയരമുള്ള കോലങ്ങള്‍ കത്തിക്കുമെന്നാണ് പന്ദേർ അറിയിച്ചത്. ഫെബ്രുവരി 27 ന് കിസാൻ മസ്‌ദൂർ മോർച്ച, എസ്‌കെഎം (നോണ്‍ പൊളിറ്റിക്കല്‍) സംഘടകളുടെ രാജ്യത്തുടനീളമുള്ള നേതാക്കളുടെ യോഗം നടത്തും. ശേഷം ഫെബ്രുവരി 28ന് സമഗ്ര ചർച്ച നടത്തും. ഫെബ്രുവരി 29ന് അടുത്ത നടപടി തീരുമാനിക്കുമെന്നും പന്ദേര്‍ പറഞ്ഞു. കർഷകർക്ക് എന്താണ് സംഭവിക്കുന്നതെന്ന് സംസാരിക്കാൻ പ്രധാനമന്ത്രി മോദിയോട് തങ്ങള്‍ ആവശ്യപ്പെടുന്നതായും കര്‍ഷക നേതാവ് പറഞ്ഞു.