ചണ്ഡീഗഡ്:ഹരിയാനയിലെ ഖനൗരി അതിർത്തിയിൽ പൊലീസുമായുളള ഏറ്റുമുട്ടലിനിടെ മരിച്ച കർഷകൻ ശുഭ്‌കരണ്‍ സിങിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരവും സഹോദരിയ്‌ക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ശുഭ്‌കരണ്‍ സിങിൻ്റെ മരണത്തിനുത്തരവാദികളായ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ബുധനാഴ്‌ചയുണ്ടായ ഏറ്റുമുട്ടലിൽ ബതിന്ഡ സ്വദേശി ശുഭ്‌കരൻ സിങ് (21) കൊല്ലപ്പെടുകയും 12 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ശുഭ്‌കരണിന്‍റെ മൃതദേഹം ഇതുവരെയും കുടുംബം എറ്റുവാങ്ങിയിട്ടില്ല. പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ പോലും കുടുംബം അനുമതി നല്‍കാത്ത മൃതദേഹം പട്യാല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, യുവ കര്‍ഷകന്‍റെ മരണത്തെത്തുടര്‍ന്ന് ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു.