ബെംഗളൂരു : കാവേരി നദിയിലെ ജലം അനാവശ്യമായി ഉപയോഗിച്ച ബെംഗളൂരുവിലെ 22 കുടുംബങ്ങൾക്ക് 5,000 രൂപ വീതം ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) പിഴ ചുമത്തി. ഈ കുടുംബങ്ങളിൽ നിന്ന് മൊത്തം 1.1 ലക്ഷം രൂപ പിഴ ഈടാക്കിയതായാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ കനത്ത കുടിവെള്ള ക്ഷാമത്തിനിടയിലും പൂന്തോട്ടം നനയ്‌ക്കാനും വാഹനങ്ങൾ കഴുകുന്നതിനുമായി വെള്ളം ഉപയോഗിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പരാതി ഉയർന്നതിനെ തുടർന്നാണ് ബോർഡ് നടപടി സ്വീകരിച്ചത്.
ജലക്ഷാമത്തെ തുടര്‍ന്ന് നഗരത്തിൽ ഹോളി ആഘോഷിക്കുന്നതിനും ബിഡബ്ല്യുഎസ്എസ്ബി നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂൾ പാർട്ടികൾക്കോ മഴ നൃത്തങ്ങൾക്കോ കാവേരി നദിയിലെയോ കുഴൽക്കിണറിലെയോ വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ബോർഡ് നിര്‍ദേശിച്ചിരുന്നു.
'വാണിജ്യ ആവശ്യങ്ങൾക്കായി മഴനൃത്തങ്ങളും പൂൾ പാർട്ടികളും പോലുള്ള വിനോദങ്ങൾ ഈ സമയത്ത് സംഘടിപ്പിക്കുന്നത് ഉചിതമല്ല. പൊതുതാത്പര്യം കണക്കിലെടുത്ത് കാവേരിയിലെ വെള്ളവും കുഴൽക്കിണറിലെ വെള്ളവും ഇതിനായി ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.'- ഉത്തരവിൽ പറയുന്നു. ഉത്തരവിന് പിന്നാലെ ബെംഗളൂരുവിലെ പല ഹോട്ടലുകളും ഹോളി ആഘോഷങ്ങളില്‍ നിന്ന് റെയിൻ ഡാൻസ് നീക്കം ചെയ്‌തു.
2,600 എംഎൽഡി(മെഗാലിറ്റര്‍ പെര്‍ ഡേ) ആവശ്യമായ ബെംഗളൂരു പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിന്‍റെ ക്ഷാമം നേരിടുന്നുണ്ടെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. കാവേരി നദിയിൽ നിന്ന് 1,470 എംഎൽഡി വെള്ളവും 650 എംഎൽഡി വെള്ളം ലഭിക്കുന്നത് കുഴൽക്കിണറുകളിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ 14,000 കുഴൽ കിണറുകളുണ്ടെന്നും എന്നാല്‍ അതിൽ 6,900 എണ്ണവും വറ്റിപ്പോയിരിക്കുകയാണ് എന്നും സിദ്ധരാമയ്യ പറഞ്ഞു.
Also Read :കുടിക്കാൻ വെള്ളമില്ലാതെ ബെംഗളൂരു, വാഹനം കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനും വെള്ളം ഉപയോഗിച്ചാല്‍ പിഴ