ബെംഗളൂരു :നഗരത്തിലെ വിദ്യാലയങ്ങള്‍ക്ക് വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ബോംബ് ഭീഷണി. കേന്ദ്രീയ വിദ്യാലയത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയാണ് ഇക്കുറി ഇമെയിലിലെത്തിയത്. സംഭവത്തില്‍ യശ്വന്ത്പൂര്‍ പൊലീസ് കേസെടുത്തു (Hoax bomb threat e-mail to school).
കേന്ദ്രീയ വിദ്യാലയത്തിന്‍റെ ഇമെയിലിലേക്ക് sahukarisrinuvasarao65@gmail.com എന്ന വിലാസത്തില്‍ നിന്നാണ് ഇ മെയില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ മാസം 28ന് രാവിലെ 7.37നാണ് മെയില്‍ വന്നിട്ടുള്ളത്. സ്‌കൂളിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. രാവിലെ 10.20ഓടെ വലിയ സ്ഫോടനം നടക്കുമെന്നും സൂചനയുണ്ടായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും ബോംബ് നിര്‍വീര്യ സംഘവും ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഇതൊരു വ്യാജ ബോംബ് ഭീഷണി ആയിരുന്നുവെന്ന് വ്യക്തമായി (Yeswanthpur police station).
ഡിസംബര്‍ ഒന്നിന് 68 സ്‌കൂളുകളില്‍ ബോംബ് വച്ചതായി ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതില്‍ ബെംഗളൂരു നഗരത്തിലെ 48 വിദ്യാലയങ്ങളും ഗ്രാമീണ മേഖലയിലെ 20 സ്‌കൂളുകളും ഉള്‍പ്പെട്ടിരുന്നു. ഈ ഭീഷണിയും ഇമെയിലിലാണ് വന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാജമായിരുന്നുവെന്ന് കണ്ടെത്തി. നാഷണൽ, വിദ്യാശിൽപ, എൻപിഎസ്, ബസവേശ്വര നഗറിലെ കാർമൽ സ്‌കൂളുകൾ, ഹെബ്ബഗോഡിയിലെ എബനേസർ തുടങ്ങിയ സ്‌കൂളുകളിലേക്കായിരുന്നു ഭീഷണി സന്ദേശമെത്തിയത്.
ബോംബ് ഭീഷണിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ കുട്ടികളെ തിരികെ വിളിക്കുന്നതിന് വേണ്ടി മാതാപിതാക്കള്‍ സ്‌കൂളുകളിലേക്ക് എത്തി. ഇത് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കി. ഭീഷണി സന്ദേശത്തെ തുടർന്ന് കുട്ടികളെ വാഹനങ്ങളിലും രക്ഷിതാക്കൾക്കൊപ്പവുമാണ് സ്‌കൂള്‍ അധികൃതര്‍ വീടുകളിലേക്ക് പറഞ്ഞുവിട്ടത്.