ന്യൂഡൽഹി: ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള തന്‍റെ കാഴ്‌ചപ്പാടുകള്‍ പങ്കുവച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ചരിത്രം സങ്കീർണമാണെന്നും അന്നത്തെ രാഷ്ട്രീയം പലപ്പോഴും വസ്‌തുതകളെ വളച്ചൊടിച്ചിട്ടുണ്ടെന്നും അത് ടിപ്പു സുൽത്താൻ്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൈസൂരിലെ മുൻ ഭരണാധികാരിയായ ടിപ്പു സുൽത്താനെ കുറിച്ചുളള സങ്കീർണമായ യാഥാർഥ്യത്തെ ഒഴിവാക്കിക്കൊണ്ട് പ്രത്യേക തരത്തിലുളള വിവരണം പ്രചരിക്കുന്നതായും ജയശങ്കര്‍ അവകാശപ്പെട്ടു. വിക്രം സമ്പത്തിന്‍റെ 'ടിപ്പു സുൽത്താൻ: ദി സാഗ ഓഫ് മൈസൂർ ഇൻ്റർറെഗ്നം 1761-1799' എന്ന പുസ്‌തകം പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തില്‍ എത്രമാത്രം വസ്‌തുതാപരമല്ലാത്ത കാര്യങ്ങള്‍ കുത്തിനറച്ചിട്ടുണ്ട്, യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചിട്ടുണ്ട്, ഭരണകൂടത്തിൻ്റെ സൗകര്യത്തിന് അനുയോജ്യമായ രീതിയില്‍ കെട്ടിചമച്ചിട്ടുണ്ട് എന്ന ചോദ്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. കഴിഞ്ഞ ദശകത്തിൽ, നമ്മുടെ രാഷ്‌ട്രീയ സമ്പ്രദായത്തിലെ മാറ്റങ്ങൾ ബദൽ വീക്ഷണങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായെന്നും ജയശങ്കര്‍ പറഞ്ഞു.
ഒരു വശത്ത് ഇന്ത്യയിലെ ബ്രീട്ടിഷ് ഭരണത്തിനെ എതിര്‍ത്ത വീര നായകനാണ് ടിപ്പു സുല്‍ത്താന്‍. എന്നാല്‍ മൈസൂരിലും കൂർഗിലും മലബാറിലും ചിലർ അദ്ദേഹത്തെ ശക്തമായി എതിര്‍ക്കുന്നു. അതുകൊണ്ട് തന്നെ ടിപ്പു സുല്‍ത്താന്‍ സങ്കീര്‍ണമായ വ്യക്തിയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.