അനകപ്പള്ളി :ആന്ധ്രാപ്രദേശിലെ അനകപ്പള്ളി അച്യുതപുരത്തുള്ള എസൻഷ്യ അഡ്വാൻസ്‌ഡ് സയൻസസ് ഫാർമ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. 60ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന 500 കെഎൽ ശേഷിയുള്ള റിയാക്‌ടർ ബുധനാഴ്‌ച ഉച്ചയോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
എസി യൂണിറ്റുകൾക്ക് തീപിടിച്ച് നിമിഷങ്ങൾക്കകം തീ പടർന്നു. റിയാക്‌ടർ പൊട്ടിത്തെറിച്ച് കമ്പനിയുടെ മേൽക്കൂര തകർന്നതിനൊപ്പം തൊഴിലാളികൾ 30 മുതൽ 50 മീറ്റർ വരെ തെറിച്ചുവീണു. ഒരു സ്‌ത്രീ തൊഴിലാളിയുടെ മൃതദേഹം മരക്കൊമ്പിൽ തൂങ്ങി നില്‍ക്കുന്ന നിലയിൽ കണ്ടെത്തി.
തീപിടിത്തത്തിൽ മരിച്ചവരെക്കാൾ കൂടുതൽ തൊഴിലാളികൾ തകർന്ന മേൽക്കൂരയുടെ അടിയിൽ കുടുങ്ങി. കത്തിക്കരിഞ്ഞ ചില തൊഴിലാളികളുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. ബാക്കി തൊഴിലാളികളുടെ മൃതദേഹങ്ങൾ മേൽക്കൂരയുടെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. എൻഡിആർഎഫ് ഉദ്യോഗസ്ഥർ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുകയും മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്‌തു.
മരുന്ന് നിര്‍മാണ കമ്പനിയിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. 33 പേരെ അഗ്നിശമന സേനാംഗങ്ങൾ കൂറ്റൻ ഫയർ എൻജിനുകൾ ഉപയോഗിച്ച് രക്ഷപ്പെടുത്തി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. അദ്ദേഹം മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായി സംസാരിക്കുകയും ചെയ്യും. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി, ഗുരുതരമായി പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.
ആറ് അഗ്‌നിശമന സേന യൂണിറ്റുകളുമായെത്തിയ സംഘം തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. ഉയരമുള്ള കെട്ടിടത്തിൽ തീ പടർന്നതോടെ ആളുകളെ താഴെയിറക്കാൻ ഗോവണിയില്ല. നീണ്ട ക്രെയിൻ ഗ്ലാസുകൾ തകർത്ത് പരിക്കേറ്റ തൊഴിലാളികളെ വളരെ പ്രയാസപ്പെട്ടാണ് താഴെയിറക്കിയത്.
അനകപ്പള്ളി കലക്‌ടർ വിജയകൃഷ്‌ണൻ, എസ്‌പി ദീപിക പാട്ടീൽ, ടിഡിപി എലമഞ്ചിലി മണ്ഡലം ഇൻചാർജ് പ്രഗദ നാഗേശ്വര റാവു എന്നിവർ അപകടസ്ഥലം സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് കമ്പനി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും കലക്‌ടർ സംസാരിച്ചു. പരിക്കേറ്റവരെ ആംബുലൻസുകളിൽ അച്യുതപുരം, അനകപ്പള്ളി, വിശാഖപട്ടണം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് എ ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞ് ബി ഷിഫ്റ്റിലെ ജീവനക്കാർ ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പരിക്കേറ്റവർ അനകപ്പള്ളിയിലെയും വിശാഖപട്ടണത്തെയും ആശുപത്രികളിൽ ചികിത്സയിലാണ്. ചികിത്സയിലുള്ളവരിൽ ആറുപേരുടെ നില ഗുരുതരമാണ്. അച്യുതപുരത്തെ ഏറ്റവും വലിയ അപകടമാണിത്.
മരിച്ചവരുടെ വിശദാംശങ്ങൾ:
1. നീലപ്പു രാമിറെഡ്ഡി, എജിഎം, വെങ്കോജിപാലം
2. പ്രശാന്ത് ഹംസ, സീനിയർ എക്‌സിക്യൂട്ടീവ്, കോഗുനൂർ, ശ്രീകാകുളം
3. നാരായണ റാവു മഹന്തി, അസിസ്റ്റന്‍റ് മാനേജർ, ഗരിവിഡി, വിജയനഗരം
4. ഗണേഷ് കുമാർ കൊരപതി, സീനിയർ എക്‌സ്ക്യൂട്ടീവ്, ബിക്കാവോലു, ഈസ്റ്റ് ഗോദാവരി
5. ഹരിക ചെല്ലപ്പള്ളി, ട്രെയിനി എന്‍ജിനിയർ, കാക്കിനട
6. രാജശേഖർ പൈഡി, ട്രെയിനി പ്രോസസ് എന്‍ജിനിയർ, ആമദാലവലസ, ശ്രീകാകുളം