കേരളം

kerala

ETV Bharat / bharat

എല്ലാ എക്‌സിറ്റ് പോളുകളും ഫലിക്കില്ല; പാളിപ്പോയ ചില പ്രവചനങ്ങളുടെ കഥ - EXIT POLL - EXIT POLL

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ഇനി കേവലം ഏഴ് നാള്‍ മാത്രമാണ് അവശേഷിക്കുന്നത്. ശനിയാഴ്‌ച എല്ലാ സീറ്റുകളിലേക്കും ഉള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും. ശനിയാഴ്‌ച വൈകുന്നേരം ആറരയോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും അതിനായി നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ഓരോ രാഷ്‌ട്രീയ കക്ഷികളും.

EXIT POLLS  Lok Sabha Election 2024  NDA  BJP
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : May 28, 2024, 10:24 PM IST

Updated : Jun 1, 2024, 4:53 PM IST

ന്യൂഡല്‍ഹി:വോട്ട് ചെയ്‌ത് കഴിഞ്ഞ് ബൂത്ത് വിടുന്ന വോട്ടര്‍മാരോട് ഏത് സ്ഥാനാര്‍ത്ഥിയോട് അല്ലെങ്കില്‍ പാര്‍ട്ടിയോടാണ് ആഭിമുഖ്യം എന്ന്‌ ആരായുന്ന രീതിയാണ് എക്‌സിറ്റ് പോള്‍. ആഗോള തലത്തില്‍ത്തന്നെ ഈ രീതിയിലാണ് എക്‌സിറ്റ് പോളുകള്‍ സംഘടിപ്പിക്കുന്നത്. പോളിങ്ങ് ബൂത്ത് വിടുന്ന സമയം ഇതേപ്പറ്റി ചോദിക്കുമ്പോള്‍ വോട്ടര്‍ സത്യം പറയാന്‍ സാധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണ് എക്‌സിറ്റ് പോളുകളെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ ആശ്രയിക്കുന്നത്.

മുഖാമുഖം വോട്ടര്‍മാരെക്കണ്ട് നടത്തുന്ന എക്‌സിറ്റ് പോളുകളും ഓണ്‍ലൈന്‍ എക്‌സിറ്റ് പോളുകളുമുണ്ട്. അവസാന റൗണ്ട് വോട്ടിങ് കഴിയാതെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എക്‌സിറ്റ് പോളുകള്‍ക്ക് ഇന്ത്യയില്‍ ഏറെ പ്രചാരമുണ്ടെങ്കിലും പലപ്പോഴും ഇവര്‍ നടത്തുന്ന പ്രവചനം പാളിപ്പോകാറുണ്ട്.

പ്രദീപ് ഗുപ്‌തയുടെ ആക്‌സിസ് മൈ ഇന്ത്യ,യശ്വന്ത് ദേശ്മുഖിന്‍റെ സി വോട്ടര്‍,മാധവ് ഗോഡ്ബോലെ യുടെ ടുഡേസ് ചാണക്യ, പരിജിത് ചക്രബര്‍ത്തിയുടെ ഐപ്സോസ് ഇന്ത്യ, ശനിയാഴ്‌ച 6.30 കഴിഞ്ഞ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങും.

പാളിയതും ഫലിച്ചതുമായ ലോക്‌സഭ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

1998 മുതൽ 2009 വരെയുള്ള ലോക്‌സഭ തെരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എത്രത്തോളം കൃത്യമാരുന്നു എന്നതിന്‍റെ വിശകലനം ഡൽഹി ആസ്ഥാനമായുള്ള സിഎസ്ഡിഎസ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ ലോക്‌സഭയിൽ ഭൂരിപക്ഷം നേടുന്നതിന് ഒരു രാഷ്‌ട്രീയ പാർട്ടിക്ക് ആകെയുള്ള 543 സീറ്റുകളിൽ 272 സീറ്റുകളാണ് വേണ്ടത്.

Exit Polls and Exact Polls of 2019 (ETV Bharat)

1998-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള എക്‌സിറ്റ് പോള്‍ ഫലം ഏതാണ്ട് കൃത്യമായിരുന്നു. അതേസമയം 1999-ലെ തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോള്‍ പ്രവചനം എൻഡിഎ സഖ്യത്തിന്‍റെ പ്രകടനത്തിന് അല്‍പം അമിത പ്രാധാന്യം കൊടുത്തതായി കാണാം. 1996-ലാണ് ബിജെപി ആദ്യമായി കേന്ദ്രത്തിൽ അധികാരത്തിലെത്തുന്നത്. 1998-ലും 1999-ലും നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ പാർട്ടി അധികാരം നിലനിർത്തി.

2004 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്, വിദ്‌ധരെ ഞെട്ടിച്ച ഒന്നായിരുന്നു. തെരഞ്ഞെടുപ്പിന്‍റെ വിവിധ ഘട്ടങ്ങളിൽ നടത്തിയ എക്‌സിറ്റ് പോള്‍ സർവേകളും കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തെ തികച്ചും വിലകുറച്ചാണ് കാണിച്ചത്. സിഎസ്ഡിഎസ് റിപ്പോർട്ട് പ്രകാരം 2004-ലെ എല്ലാ അഭിപ്രായ സർവേകളും എക്‌സിറ്റ് പോള്‍ ഫലങ്ങളും കേന്ദ്രത്തിൽ എൻഡിഎയ്ക്ക് അധികാരം നിലനിർത്താനാകുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാൽ പ്രവചനങ്ങളെല്ലാം അസ്ഥാനത്താക്കി, ബിജെപിയെ പുറത്താക്കിക്കൊണ്ട് യുപിഎ അധികാരത്തിലേറുന്നതാണ് രാജ്യം കണ്ടത്.

2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോള്‍ ഫലങ്ങളും യുപിഎയുടെ വിജയം പ്രവചിക്കുന്നതില്‍ പരാജയപ്പെട്ടു. അക്കൊല്ലവും എല്ലാ പ്രവചനങ്ങൾക്കുമതീതമായിരുന്നു കോൺഗ്രസിന്‍റെ മുന്നേറ്റം. 2004-ൽ 222 സീറ്റുണ്ടായിരുന്ന യുപിഎ 2009-ൽ അത് 262 സീറ്റായി ഉയർത്തി.

അതേസമയം, 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 257-340 സീറ്റുകൾ നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറഞ്ഞിരുന്നത്. എൻഡിഎക്ക് അക്കൊല്ലം 336 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിന്‍റെ എക്കാലത്തെയും താഴ്ന്ന സീറ്റ് കണക്ക് അന്ന് കൃത്യമായി ചില എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. യുപിഎ സഖ്യത്തിന് ആകെ 59 സീറ്റുകളാണ് രാജ്യത്തുടനീളം ലഭിച്ചത്.

പിന്നീട് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, എൻഡിഎയ്ക്ക് 285 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേ പ്രവചിച്ചിരുന്നത്. ഇന്ത്യാ ടുഡേ-മൈ ആക്‌സിസ്, ചാണക്യ എക്‌സിറ്റ് പോൾ ഫലങ്ങൾ 350-ല്‍ അധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പ്രവചിച്ചിരുന്നത്. ന്യൂസ്18 - ഐപിഎസ്ഒഎസ് സർവേയിൽ എൻഡിഎ വിജയിക്കുമെന്നായിരുന്നു പ്രവചനം. ടുഡേയ്‌സ് ചാണക്യ, എന്‍ഡിഎയ്ക്ക് 350 സീറ്റുകളും പ്രവചിച്ചു. എന്‍ഡിടിവി എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപിക്ക് 292 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു പ്രവചനം.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 353 സീറ്റുകൾ നേടി വൻ വിജയം കുറിക്കുകയും ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകൾ നേടുകയും ചെയ്‌തു. കോൺഗ്രസ് 52 സീറ്റും യുപിഎ 91 സീറ്റുമാണ് 2019-ല്‍ നേടിയത്. ബിജെപിക്ക് 37.36% വോട്ടാണ് ലഭിച്ചത്. 1989 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഒരു രാഷ്‌ട്രീയ പാർട്ടിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വോട്ട് വിഹിതമായിരുന്നു ഇത്.

ചില അസംബ്ലി തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ :

2023 ഡിസംബറില്‍ ചില സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും മാത്രമേ ബിജെപി വിജയിക്കൂ എന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഛത്തീസ്‌ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ തയാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കിറുകൃത്യമായി. എന്നാല്‍ ഛത്തീസ്‌ഗഡിലെ ഫലങ്ങള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബിജെപി ജയിച്ച് കയറി.

2023 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ടുഡേസ് ചാണക്യ ഛത്തീസ്‌ഗഡില്‍ ബിജെപിക്ക് 33 സീറ്റും കോണ്‍ഗ്രസിന് 57 സീറ്റുമാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ പ്രവചനങ്ങള്‍ പാടെ തെറ്റിച്ച് 54 സീറ്റുകളും നേടി ബിജെപി വിജയിച്ചു കയറി. കോണ്‍ഗ്രസിന് 35 സീറ്റുകളാണ് ഛത്തീസ്‌ഗഡില്‍ നേടാനായത്.

അതേസമയം, കോണ്‍ഗ്രസിന് 71 സീറ്റുകളാണ് തെലങ്കാനയില്‍ ഏജന്‍സി പ്രവചിച്ചത്. ബിആര്‍എസിന് 33 സീറ്റുകളും ബിജെപിക്ക് 7 സീറ്റുകളും എക്‌സിറ്റ് പോള്‍ പ്രവചിച്ചു. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് 64 സീറ്റുകളും ബിആര്‍എസിന് 39 സീറ്റുകളും ലഭിച്ചു. ബിജെപിക്ക് 8 സീറ്റുകളും ലഭിച്ചു.

മധ്യപ്രദേശില്‍ ബിജെപിക്ക് 151 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു പ്രവചനം. കോണ്‍ഗ്രസിന് 74 സീറ്റുകള്‍ ലഭിക്കുമെന്നും ടുഡേസ് ചാണക്യ പ്രവചിച്ചിരുന്നു. ഫലം വന്നപ്പോള്‍ ബിജെപി 163 സീറ്റുകള്‍ നേടി. കോണ്‍ഗ്രിസന് 66 സീറ്റുകളാണ് ലഭിച്ചത്.

കര്‍ണാടകയില്‍ ബിജെപിക്ക് 92 സീറ്റുകളും കോണ്‍ഗ്രസിന് 120 സീറ്റുമായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കേണ്‍ഗ്രസ് 135 സീറ്റുകളോടെയാണ് കര്‍ണാടകയില്‍ ജയിച്ചു കയറിയത്. ബിജെപിക്ക് 66 സീറ്റുകളും ലഭിച്ചു.

പ്രമുഖരായ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 339-365 സീറ്റുകളാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചത്. കോണ്‍ഗ്രസ് 77-108 സീറ്റുകള്‍ നേടുമെന്നും ഏജന്‍സി പ്രവചിച്ചു. ഫലം വന്നപ്പോള്‍ 352 സീറ്റുകളുമായി കേന്ദ്രത്തില്‍ ബിജെപി മുന്നേറിയപ്പോള്‍ 92 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

അതേസമയം, 2023 ഛത്തീസ്‌ഗഡ് തെരഞ്ഞെടുപ്പില്‍ ആക്‌സിസ് മൈ ഇന്ത്യക്കും പാളി. കോണ്‍ഗ്രസ് 40-50 സീറ്റുകള്‍ നേടുമെന്നായിരുന്നു ഏജന്‍സിയുടെ പ്രവചനം. ബിജെപിക്ക് 36-46 സീറ്റുകളുമായിരുന്നു പ്രവചനം. ഫലം വന്നപ്പോള്‍ 54 സീറ്റുകളോടെ ബിജെപിയാണ് വിജയിച്ചത്. കോണ്‍ഗ്രസ് 35 സീറ്റുകളാണ് ഛത്തീസ്‌ഗഡില്‍ നേടിയത്.

ജന്‍ കി ബാത്ത് എന്ന മറ്റൊരു പ്രമുഖ ഏജന്‍സിയായ ജന്‍ കി ബാത്ത്, 2023 തെലങ്കാന തെരഞ്ഞെടുപ്പില്‍ ബിആര്‍എസിന് 40-55 സീറ്റുകളാണ് പ്രവചിച്ചത്. കോണ്‍ഗ്രിസന് 48-64 സീറ്റുകളും ബിജെപിക്ക് 7- 13 സീറ്റുകളും പ്രവചിച്ചു. ഛത്തീസ്‌ഗഡിലാണ് ജന്‍ കി ബാത്തിനും പാളിയത്. 42-53 സീറ്റുകളാണ് കോണ്‍ഗ്രസിന് പാര്‍ട്ടി പ്രവചിച്ചത്. ബിജെപിക്ക് 34-45 സീറ്റുകള്‍ ലഭിക്കുമെന്നും ഏജന്‍സി പ്രവചിച്ചു.

രാജസ്ഥാനില്‍ 62-85 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നായിരുന്നു ജന്‍ കി ബാത്തിന്‍റെ പ്രവചനം. ബിജെപിക്ക് 100-122 സീറ്റുകളും ഏജന്‍സി പ്രവചിച്ചു. ഫലം വന്നപ്പോള്‍ ബിജെപി 115 സീറ്റുകളുമായി രാജസ്ഥാനില്‍ ജയിച്ചു കയറി. കോണ്‍ഗ്രസിന് 69 സീറ്റുകളാണ് ലഭിച്ചത്.

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ പുറത്ത് വിടുന്ന പ്രധാന ഏജന്‍സികള്‍

  • എബിപി ന്യൂസ്-സിവോട്ടർ
  • വാർത്ത 18
  • എബിപി ന്യൂസ്-സിവോട്ടർ
  • ടൈംസ് നൗ-ഇടിജി
  • സീ ന്യൂസ്-മാട്രിസ്
  • ഇന്ത്യ ടുഡേ-സിവോട്ടർ
  • ടൈംസ് നൗ-ഇടിജി
  • എബിപി ന്യൂസ്-സിവോട്ടർ
  • ടൈംസ് നൗ-ഇടിജി
  • ഇന്ത്യ ടിവി-സിഎൻഎക്‌സ്
  • ടൈംസ് നൗ-ഇടിജി
  • ഇന്ത്യ ടുഡേ-സിവോട്ടർ
  • ഇന്ത്യ ടുഡേ-സിവോട്ടർ

എക്‌സിറ്റ് പോളുകളുടെ ചരിത്രം :

എക്‌സിറ്റ് പോളിന്‍റെ ഉത്ഭവം സംബന്ധിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. 1967 ഫെബ്രുവരി 15 ന് നടന്ന ഡച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി ഇത് നടപ്പാക്കിയത് താനാണെന്ന് ഡച്ച് സോഷ്യോളജിസ്‌റ്റും മുൻ രാഷ്‌ട്രീയക്കാരനുമായ മാർസെൽ വാൻ ഡാം അവകാശപ്പെടുന്നു. എന്നാല്‍ വാറൻ മിറ്റോഫ്‌സ്‌കി എന്ന അമേരിക്കൻ പോൾസ്‌റ്ററാണ് ആദ്യത്തേതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. സിബിഎസ് ന്യൂസിനായി, അതേ വർഷം നവംബറിൽ നടന്ന കെൻ്റക്കി ഗവർണർ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഒരു എക്‌സിറ്റ് പോൾ ആവിഷ്‌കരിച്ചതായി പറയപ്പെടുന്നു. 1940-കളിൽ തന്നെ എക്‌സിറ്റ് പോള്‍ നടന്നതായും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കൊളറാഡോയിലെ ഡെൻവറിൽ വോട്ടെടുപ്പ് നടന്ന കാലത്താണ് ആദ്യത്തെ എക്‌സിറ്റ് പോളുകള്‍ നടന്നതെന്നും പറയപ്പെടുന്നു.

എക്‌സിറ്റ് പോള്‍- ഒപീനിയന്‍ പോള്‍ വ്യത്യാസം

എക്‌സിറ്റ് പോളുകളും അഭിപ്രായ സര്‍വേയും രണ്ടാണ്. വോട്ടെടുപ്പ് ദിവസം പോളിങ് സ്‌റ്റേഷനിൽ നിന്ന് പുറത്ത് വന്നതിന് ശേഷം വോട്ടർമാരോട് വോട്ട് ചെയ്‌ത രീതി ചോദിക്കുന്നവരാണ് എക്‌സിറ്റ് പോൾ നടത്തുന്നത്.

എന്നാൽ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ്, വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്നവർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം കണ്ടെത്തുന്നതിനായി നടത്തുന്ന സർവേയാണ് അഭിപ്രായ വോട്ടെടുപ്പ് അഥവാ ഒപീനിയന്‍ പോള്‍. അതായത് പോളിങ്ങിന് മുമ്പ് അഭിപ്രായ വോട്ടെടുപ്പും പോളിങ്ങിന് ശേഷം എക്‌സിറ്റ് പോളുകളും നടക്കും.

ലോകത്തെ പ്രധാന എക്‌സിറ്റ് പോള്‍ ഏജന്‍സികള്‍

അമേരിക്കയില്‍ നാഷണൽ ഇലക്ഷൻ പൂൾ (NEP), സംയുക്ത തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ നടത്തുന്നു. 2018 ലെ കണക്കനുസരിച്ച്, എബിസി, സിബിഎസ്, സിഎൻഎൻ, എൻബിസി എന്നിവയാണ് എൻഇപി അംഗങ്ങൾ (മുമ്പ് എപി , ഫോക്‌സ് ന്യൂസ് എന്നിവയെയും ഉൾപ്പെടുത്തിയിരുന്നു). 2004 മുതൽ എഡിസൺ മീഡിയ റിസർച്ച് എൻഇപിക്ക് വേണ്ടി ഈ എക്‌സിറ്റ് പോൾ നടത്തി. എഡിസൺ പ്രോബബിലിറ്റി അടിസ്ഥാനമാക്കിയുള്ള സാമ്പിൾ ഉപയോഗിക്കുന്നു. 2020-ൽ 7,774 തെരഞ്ഞെടുപ്പ് ദിന വോട്ടർമാർക്കിടയിൽ രാജ്യവ്യാപകമായി 115 പോളിങ് ലൊക്കേഷനുകളുടെ റാൻഡം സാമ്പിളിൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വ്യക്തിഗത അഭിമുഖങ്ങൾ നടത്തി. നേരത്തെയും ഹാജരാകാത്തവരുമായി 4,919 ടെലിഫോൺ അഭിമുഖങ്ങളും ഫലങ്ങളിൽ ഉൾപ്പെടുന്നു.

ഈജിപ്‌തിൽ, പൊതുജനാഭിപ്രായ ഗവേഷണത്തിനുള്ള ഈജിപ്ഷ്യൻ കേന്ദ്രം (ബസീറ) 2014-ൽ രണ്ട് എക്‌സിറ്റ് പോൾ നടത്തുന്നു. ഭരണഘടനാ റഫറണ്ടം എക്‌സിറ്റ് പോൾ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോളുകൾ എന്നിവയാണവ. ദക്ഷിണ കൊറിയയിൽ കെബിഎസ്, എസ്‌ബിഎസ്, എംബിസി എന്നിവ സംയുക്ത എക്‌സിറ്റ് പോൾ നടത്തി രാജ്യത്തെ പ്രസിഡന്‍റിനെ തീരുമാനിക്കുന്നു.

എക്‌സിറ്റ് പോള്‍ വിലക്ക്

2019-ലാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ എക്‌സിറ്റ് പോളുകളുടെ പ്രസിദ്ധീകരണം വിലക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഈ കാലയളവില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പ്രചരണവുമായി ബന്ധപ്പെട്ട ലേഖനമോ പരിപാടിയോ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഇലക്‌ട്രോണിക്, അച്ചടി മാധ്യമങ്ങളെ കമ്മീഷന്‍ വിലക്കിയിരുന്നു.

Also Read:

  1. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ലുങ്കി ധരിച്ചെത്തി പ്രിസൈഡിങ് ഓഫിസർ; ചോദ്യം ചെയ്‌ത് ബിജെപി സ്ഥാനാർഥി
  2. പ്രശാന്ത് കിഷോറിനെ ബിജെപി വക്താവായി നിയമിച്ചോ? ഫാക്‌ട് ചെക്ക്
  3. യുപിയില്‍ ബിജെപിക്ക് 8 തവണ വോട്ട് ചെയ്‌ത സംഭവം; പ്രതി പിടിയില്‍
  4. കെജ്‌രിവാളിന് കിട്ടി, ഹേമന്ത് സോറന് കിട്ടിയില്ല: ഒരേ ജഡ്‌ജിമാര്‍ പരിഗണിച്ച രണ്ട് ജാമ്യാപേക്ഷകളുടെ കഥ
  5. തട്ടിക്കൊണ്ടുപോയ മൂന്ന് ടിഡിപി പോളിങ്‌ ഏജൻ്റുമാരെ രക്ഷപ്പെടുത്തി; സംഭവം ആന്ധ്രാപ്രദേശിൽ
  6. അല്ലു അർജുനെതിരെ കേസെടുത്ത് പൊലീസ്; നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്
Last Updated : Jun 1, 2024, 4:53 PM IST

ABOUT THE AUTHOR

...view details