ഡൽഹി :വിവിപാറ്റ് വഴിയുള്ള പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകൾ 100% പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീം കോടതി. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപാങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
'സന്തുലിതമായ കാഴ്‌ചപ്പാട് പ്രധാനമാണെങ്കിലും, ഒരു വ്യവസ്ഥിതിയെ അന്ധമായി സംശയിക്കുന്നത് സംശയമുയർത്തും. അർഥവത്തായ വിമർശനം ആവശ്യമാണ്, അത് ജുഡീഷ്യറിയോ, നിയമനിർമ്മാണ സഭയോ ആകട്ടെ, ജനാധിപത്യമെന്നാൽ എല്ലാ സ്‌തംഭങ്ങൾക്കിടയിലും ഐക്യവും വിശ്വാസവും നിലനിർത്തുക എന്നതാണ്.
വിശ്വാസത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും സംസ്‌കാരം വളർത്തിയെടുക്കുന്നതിലൂടെ നമ്മുടെ ജനാധിപത്യത്തിൻ്റെ ശബ്‌ദം ശക്തമാക്കാൻ കഴിയും' -ജസ്‌റ്റിസ് ദത്ത വിധിന്യായത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ കോടതിയുടെ സമീപനം തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.