ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി തന്നെ മത്സരിക്കുമെന്ന് മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ കെ എസ് ഈശ്വരപ്പ. അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തിയെങ്കിലും താൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നെന്ന് അദ്ദേഹം അറിയിച്ചു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കർണാടക ഇൻചാർജുമായ രാധ മോഹൻ ദാസ് അഗർവാൾ ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഈശ്വരപ്പ പ്രതികരിച്ചത്.
മറ്റ് മുതിർന്ന പാർട്ടി ഭാരവാഹികൾക്കൊപ്പമാണ് അഗർവാൾ ഈശ്വരപ്പയെ കണ്ടത്. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഈശ്വരപ്പ വഴങ്ങിയില്ല. ഷിമോഗ മണ്ഡലത്തിൽ നിന്ന് ബി എസ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്രയ്ക്കെതിരെ താൻ മത്സരിക്കുമെന്ന് ഉറപ്പിച്ചുപറയുകയായിരുന്നു അദ്ദേഹം. അതേസമയം വ്യക്തിപരമായ സന്ദർശനമായിരുന്നെന്നും രാഷ്ട്രീയ ബന്ധമില്ലെന്നും ഈശ്വരപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അഗർവാൾ പറഞ്ഞു.
ഹാവേരി പാർലമെന്റ് മണ്ഡലത്തിൽ തന്റെ മകൻ കെ ഇ കാന്തേഷിന് മത്സരിക്കാൻ അനുമതി നിഷേധിച്ചതിൽ ഈശ്വരപ്പ പാർട്ടിയുടെ മുതിർന്ന നേതാവായ യെദ്യൂരപ്പയെ വിമർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുസമ്മേളനത്തിന് ഷിമോഗയിൽ പങ്കെടുക്കാനിരിക്കെയാണ് പാർട്ടിയിൽ പ്രതിസന്ധികൾ ഉയരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ യെദ്യൂരപ്പയുടെയും കുടുംബത്തിൻ്റെയും നിയന്ത്രണത്തിൽ നിന്ന് പാർട്ടിയെ മോചിപ്പിക്കണം. ഇതിനുവേണ്ടിയാണ് താൻ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.