കോയമ്പത്തൂർ (തമിഴ്‌നാട്) :ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഈറോഡ് എംഡിഎംകെ എംപി ഗണേശമൂർത്തി ഇന്ന് (28-03-2024) പുലർച്ചെ അഞ്ച് മണിയോടെ മരണത്തിന് കീഴടങ്ങി. മുന്നണി ധാരണ പ്രകാരം ഈറോഡ് മണ്ഡലത്തില്‍ ഇത്തവണ ഡിഎംകെയാണ് മത്സരിക്കുന്നത്. ഇതോടെ ഗണേശമൂർത്തിക്ക് അവസരം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്നാണ് സൂചന.
കഴിഞ്ഞ ഞായറാഴ്‌ച (മാർച്ച് 24) ഈറോഡിലെ വീട്ടിൽ വച്ചാണ് ഗണേശമൂർത്തി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തുടർ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മൂന്ന് തവണ എംപിയായും ഒരു തവണ എംഎൽഎയായും തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഗണേശമൂർത്തി. 2019ലെ തെരഞ്ഞെടുപ്പിൽ ഈറോഡ് മണ്ഡലത്തിൽ ഉദയസൂര്യൻ ചിഹ്നത്തിലാണ് അദ്ദേഹം മത്സരിച്ചത്. ഇക്കുറി ഈറോഡ് സീറ്റ് ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ധാരണ പ്രകാരം ഡിഎംകെ ഏറ്റെടുത്തു. പകരം വിരുതുനഗർ സീറ്റ് എംഡിഎംകെയ്‌ക്ക് വിട്ടുനൽകി. പാർട്ടിക്ക് ലഭിച്ച ഒരു സീറ്റിൽ എംഡിഎംകെ നേതാവ് വൈക്കോയുടെ മകൻ ദുരൈ വൈക്കോയാണ് മത്സരിക്കുന്നത്. ഇതോടെ ഗണേശമൂർത്തി നിരാശനാവുകയായിരുന്നു.