ബെംഗളൂരു:ബഹുരാഷ്‌ട്ര കമ്പനിയുടെ ഏഴ് കോടി രൂപ ഓൺലൈൻ വാതുവെപ്പിനായി ദുരുപയോഗം ചെയ്‌ത ജീവനക്കാരൻ അറസ്‌റ്റിൽ. മാവള്ളി സ്വദേശിയായ ശ്രീകാന്താണ് അറസ്‌റ്റിലായത്. ഏണസ്‌റ്റ് ആൻഡ് യങ് (EY) എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായ ഷൂരി രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്തെ വിവിധ കമ്പനികൾക്ക് സാമ്പത്തിക ഇടപാട് സേവനങ്ങൾ നൽകുന്ന ബഹുരാഷ്‌ട്ര കമ്പനിയാണ് ഏണസ്‌റ്റ് ആൻഡ് യങ്. സ്വിഗ്ഗി ഫുഡ് ഡെലിവറി കമ്പനിക്ക് അക്കൗണ്ടിങ് സേവനങ്ങളും കമ്പനി നൽകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. 2023 ഓഗസ്‌റ്റ് മുതൽ കമ്പനിയിൽ അസോസിയേറ്റ് അക്കൗണ്ടന്‍റായി ജോലി ചെയ്‌ത് വരികയായിരുന്നു പ്രതിയായ ശ്രീകാന്ത്. സ്വിഗ്ഗി കമ്പനിയുടെ ഇന്ത്യ മുഴുവനുള്ള വൈദ്യുതി ബിൽ അടയ്ക്കാനുള്ള ഉത്തരവാദിത്തം ഇവൈ കമ്പനി ശ്രീകാന്തിനെ ഏൽപ്പിച്ചിരുന്നു. ഇതിനായി സ്വിഗ്ഗി കമ്പനി എല്ലാ മാസവും ഒന്ന് മുതൽ രണ്ട് കോടി രൂപ വരെ ഇവൈക്ക് നൽകിയിരുന്നു. ആ പണമാണ് ശ്രീകാന്ത് ഓൺലൈൻ വാതുവെപ്പിനായി ഉപയോഗിച്ചത്.
ആറ് മാസത്തിനിടെ ഏഴ് കോടി രൂപയുടെ തട്ടിപ്പ്:ഓഡിറ്റിനിടെ സ്വിഗ്ഗിയാണ് ഏഴ് കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി ഏണസ്‌റ്റ് ആൻഡ് യംങ് കമ്പനിയെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെ ശ്രീകാന്ത് ബെറ്റിങ് ആപ്പിൽ ഏകദേശം ഏഴ് കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തി.