ന്യൂഡൽഹി: ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ എലോണ്‍ മസ്‌കിന്‍റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചു. ഏപ്രില്‍ 21, 22 തീയതികളില്‍ ഇന്ത്യയിലെത്തുന്ന മസ്‌ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ടെസ്‌ലയുമായി ബന്ധപ്പെട്ട മറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് ഇന്ത്യ സന്ദര്‍ശനം നിലവില്‍ റദ്ധാക്കുന്നതെന്ന് മസ്‌ക് അറിയിച്ചിട്ടുണ്ട്.
'നിർഭാഗ്യവശാൽ, ടെസ്‌ലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകിപ്പിക്കേണ്ടതുണ്ട്. പക്ഷേ, ഈ വർഷം തന്നെ ഇന്ത്യയിലേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നു'- എന്നാണ് ഒരു വാര്‍ത്ത റിപ്പോര്‍ട്ടിന് മറുപടിയായി മസ്‌ക് എക്‌സില്‍ കുറിച്ചത്.
ഇന്ത്യ സന്ദർശന വേളയിൽ എലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്താൻ തീരുമാനിച്ചിരുന്നു. ഏപ്രില്‍ പത്തിനായിരുന്നു തന്‍റെ ഇന്ത്യ സന്ദര്‍ശനം ടെസ്‌ല സിഇഒ തന്‍റെ വരാനിരിക്കുന്ന ഇന്ത്യ സന്ദർശനം സ്ഥിരീകരിച്ചത്. നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയ്ക്കായും താൻ കാത്തിരിക്കുകയാണെന്നും അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഏകദേശം രണ്ട് ബില്യൺ യുഎസ് ഡോളറിന്‍റെ നിക്ഷേപം ആവശ്യമായി വരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു നിർമ്മാണ പ്ലാൻ്റിനായി ടെസ്‌ല ഉദ്യോഗസ്ഥർ ഇന്ത്യയില്‍ സ്ഥലം അന്വേഷിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങളില്‍ കൂടിയാണ് ടെസ്‌ല എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ടെസ്‌ലയ്‌ക്ക് ആവശ്യമായ സ്ഥലം നല്‍കാൻ മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാന സര്‍ക്കാരുകള്‍ താത്പര്യവും പ്രകടിപ്പിച്ചിരുന്നു.