ചെന്നൈ: തമിഴ്‌നാട്ടില്‍ എംഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'പമ്പരം' തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത സമ്മര്‍ദം. പ്രധാന സഖ്യകക്ഷിയായ ഡിഎംകെയുടെ ഉദയ സൂര്യൻ ചിഹ്നത്തിൽ മകൻ ദുരൈ വൈകോയെ മത്സരിപ്പിക്കാൻ പാര്‍ട്ടിയുടെ സ്ഥാപക നേതാവായ വൈകോ സമ്മർദ്ദത്തിലായിരിക്കുകയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ് (27-03-2024) എന്നതും എംഡിഎംകെയ്‌ക്ക് വെല്ലുവിളിയായി.
ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി, ഉദയ സൂര്യന്‍ ചിഹ്നത്തില്‍ മത്സരിക്കാനാണ് എംഡിഎംകെ പാര്‍ട്ടിയോട് ഡിഎംകെ നിര്‍ദേശിക്കുന്നത്. എന്നാല്‍ പമ്പരം ചിഹ്നത്തില്‍ തന്നെ മത്സരിക്കണം എന്നാണ് എംഡിഎംകെയുടെ നിലപാട്. അടുത്തിടെ നടന്ന ഒരു യോഗത്തിൽ ഡിഎംകെ ഭാരവാഹികൾ ദുരൈ വൈകോയോട് ഉദയ സൂര്യൻ ചിഹ്നത്തിൽ മത്സരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനോട് ശക്തമായ എതിർപ്പാണ് അന്ന് ദുരൈ വൈകോ പ്രകടിപ്പിച്ചത്. പാർട്ടിയുടെ സ്വത്വത്തോടും ആളയങ്ങളോടുമുള്ള പ്രതിബദ്ധത ചൂണ്ടിക്കാട്ടി, പാർട്ടിയുടെ സ്വന്തം ചിഹ്നത്തിൽ മാത്രമേ താൻ മത്സരിക്കൂ എന്ന് ദുരൈ വൈകോ വ്യക്തമാക്കി. 'ഞാൻ മരിച്ചാലും എന്‍റെ മനസ്സ് മാറ്റില്ല' എന്നായിരുന്നു ദുരൈ വൈകോ പറഞ്ഞത്.