കേരളം

kerala

വിദ്യാഭ്യാസ യോഗ്യത 'ഭാരമല്ല'; ഖനിയുടെ ആഴങ്ങളിലേക്കിറങ്ങി നൂറുകണക്കിന് സ്‌ത്രീകള്‍, ഇതു സിംഗരേണിയുടെ മാതൃക - Women Working In Singareni Mine

By ETV Bharat Kerala Team

Published : Aug 13, 2024, 7:47 PM IST

തെലങ്കാനയിലെ സിംഗരേണി ഖനിയിലേക്ക് നൂറുകണക്കിന് സ്‌ത്രീകളാണ് കടന്നുവന്നിരിക്കുന്നത്. ഇതില്‍ പകുതിയോളം വരുന്ന സ്‌ത്രീകള്‍ ബിരുദദാരികളും ബിരുദാനന്തര ബിരുദങ്ങളുമാണെന്നതാണ് ശ്രദ്ധേയം.

SINGARENI MINES TELANGANA  WOMEN WORKING IN MINES  സിംഗരേണി ഖനി  തെലങ്കാനയിലെ ഖനിയില്‍ സ്‌ത്രീകള്‍
Women In Singareni Mines (ETV Bharat)

ഹൈദരാബാദ്:കടന്നുവരുന്ന മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി സ്‌ത്രീകളെ നാം കണ്ടിട്ടുണ്ട്. പല മേഖലകളിലേക്കുളള അവരുടെ കടന്നുവരവും അത് സമൂഹത്തിലുണ്ടാക്കുന്ന മാറ്റത്തിനും നാം നിരന്തരമായി സാക്ഷിയാവുകയും ചെയ്‌തു. 'സൂര്യനെപ്പോലെ പ്രകാശിക്കണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ എരിയാൻ പഠിക്കൂ' എന്ന് മുൻ രാഷ്‌ട്രപതി അബ്‌ദുൾ കലാം പറഞ്ഞിട്ടുണ്ട്. ഈ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയാണ് സിംഗരേണിയിലെ ഒരു കൂട്ടം സ്‌ത്രീകള്‍. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുടെ കെട്ടുപാടുകള്‍ അഴിച്ചുവച്ച് ഖനിയിലേക്ക് ജോലിയ്‌ക്കായി ഇറങ്ങിയിരിക്കുകയാണവര്‍.

സിംഗരേണി ഖനിയില്‍ ജോലി ചെയ്യുന്ന സ്‌ത്രീകള്‍ (ETV Bharat)

ഖനിയുടെ ആഴങ്ങളിലേക്കുളള സ്‌ത്രീകളുടെ ഇറക്കം

കല്‍ക്കരി ഖനികളിലെ ജോലി ഏറെ ശാരീരികക്ഷമത ആവശ്യമുളളതാണ്. അതും നൂറുകണക്കിന് അടി താഴ്‌ചയിൽ ജോലി ചെയ്യുക എന്നത് നിരവധി വെല്ലുവിളികള്‍ നിറഞ്ഞ കാര്യമാണ്. അതുക്കൊണ്ട് തന്നെ ഖനികളില്‍ കൂടുതലായി ജോലി ചെയ്‌തിരുന്നത് പുരുഷന്മാരാണ്.

സിംഗരേണി ഖനിയിലും ഏഴു വർഷം മുൻപു വരെ പുരുഷന്മാര്‍ മാത്രമാണ് ജോലി ചെയ്‌തിരുന്നത്. ആദ്യകാലത്ത് അതില്‍ ഒരു തെറ്റും ആര്‍ക്കും തോന്നിയിരുന്നില്ല. എന്നാല്‍ കാലം മാറുകയും തൊഴില്‍ മേഖലയിലെ സ്‌ത്രീ പ്രാതിനിത്യം വര്‍ധിക്കുകയും ചെയ്‌ത് തുടങ്ങിയപ്പോള്‍ എന്തുകൊണ്ട് സ്‌ത്രീകളെ ഖനികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു എന്ന ചോദ്യം ഉയര്‍ന്നു.

തുടര്‍ന്ന് സിംഗരേണി ഖനിയിലെ ജോലി പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയത് തെറ്റാണെന്ന് കാണിച്ച് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തില്‍ ഹൈക്കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനൊടുവില്‍ ഖനിയില്‍ പെൺകുട്ടികൾക്കും ജോലി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അതിനുശേഷം സ്‌ത്രീകളുടെ വലിയ രീതിയിലുളള കടന്നുവരവാണ് സിംഗരേണി ഖനിയില്‍ കാണാന്‍ സാധിക്കുന്നത്.

പകരം സ്‌ത്രീകളും...

സിംഗരേണിയിൽ പതിറ്റാണ്ടുകളായി കൽക്കരിത്തൊഴിലാളികളായി ജോലി ചെയ്യുന്നവര്‍ക്ക് അസുഖം മൂലം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നാല്‍ പകരം അവരുടെ മക്കള്‍ക്ക് ജോലി നല്‍കുന്ന രീതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പണ്ട് ഇത്തരത്തില്‍ ആൺകുട്ടികള്‍ക്ക് മാത്രമാണ് ജോലി നല്‍കിയിരുന്നത്. പെൺകുട്ടികളും ഇത്തരത്തില്‍ ജോലി ലഭിക്കുന്നത് അര്‍ഹയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് പെൺകുട്ടികളും പകരക്കാരായി ജോലിക്ക് എത്താന്‍ തുടങ്ങി.

കഠിനമായ പാതകള്‍

സിംഗരേണി ഖനിയില്‍ ആദ്യം കൽക്കരി കുഴിക്കുകയും നീക്കുകയും ചെയ്യുന്ന 'ബാഡിലി വർക്കർ' ആയാണ് എല്ലാവരെയും നിയമിക്കുക. 180 ദിവസമെങ്കിലും ഖനിയില്‍ ഈ ജോലി ചെയ്‌താല്‍ മാത്രമെ ജോലി സ്ഥിരമാകൂ. അതിനുശേഷം, ലഭ്യതയനുസരിച്ച് 'ജനറൽ മസ്‌ദൂർ' പദവിയിലേക്ക് ഉയർത്തും.

ഇതും ഖനിയിൽ കൽക്കരി കുഴിച്ച് നീക്കുന്ന ജോലി തന്നെയാണ്. ഇത്തരത്തില്‍ വർഷങ്ങളോളം കഠിനാധ്വാനം ചെയ്‌താൽ മാത്രമെ വിദ്യാഭ്യാസ യോഗ്യതയും കഴിവും അനുസരിച്ചുളള സ്ഥാനക്കയറ്റം ലഭിക്കൂ. ഇതെല്ലാം അറിഞ്ഞുക്കൊണ്ടാണ് പെൺകുട്ടികള്‍ ജോലിക്ക് ചേരുന്നതും.

ബിരുദ- ബിരുദാനന്തര ബിരുദധാരികള്‍ നിരവധി

നിലവിൽ വിവിധ സ്ഥാനങ്ങളിലായി 600 ലേറെ സ്‌ത്രീകൾ ഖനിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 250 പേർ ബിരുദദാരികളാണ്. ബി.ടെക് പഠിച്ച 60 സ്‌ത്രീകളും എം.ടെക് പഠിച്ച 11 സ്‌ത്രീകളും സിംഗരേണി ഖനിയില്‍ ജോലി ചെയ്യുന്നുണ്ട്. കൂടാതെ, എംബിഎ, എംസിഎ തുടങ്ങിയ ബിരുദാനന്തര ബിരുദങ്ങളുളള നിരവധി സ്‌ത്രീകളും ഇവിടെ 'ബാഡിലി വർക്കർ' ആയി പ്രവര്‍ത്തിക്കുന്നു.

നിലവില്‍ മൊത്തം തൊഴിലാളികളുടെ 10% മാത്രമാണ് സ്‌ത്രീകള്‍. വൈകാതെ ഇവരുടെ എണ്ണത്തില്‍ ഗണ്യമായി വർധന്ന ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

എന്തും ചെയ്യാന്‍ അവര്‍ തയ്യാറാണ്

'ഖനികളിൽ ജോലി ചെയ്യാന്‍ വിദ്യാസമ്പന്നരായ പെൺകുട്ടികൾ മുന്നോട്ടുവരുന്നത് നല്ല കാര്യമാണ്. സിംഗരേണിയിൽ തൊഴിൽ സുരക്ഷിതത്വമുണ്ടാകുമെന്ന വിശ്വാസത്താല്‍ കമ്പനിയിലെ ജോലി ചുമതലകൾ ഏറ്റെടുക്കാൻ കൂടുതൽ പേർ താത്പര്യപ്പെടുന്നു. എന്ത് ജോലിയും ചെയ്യാന്‍ അവര്‍ക്ക് ഒരു മടിയുമില്ല.

കൽക്കരി കയറ്റിയ ഡമ്പർ ട്രക്ക് ഖനിയിലെ പാറക്കെട്ടുകൾക്കിടയിലൂടെ ഓടിക്കുന്നത് വളരെ അപകടം നിറഞ്ഞ ജോലിയാണ്. എത്ര ശ്രദ്ധിച്ചാലും അപകടവും ജീവഹാനിയും ഉണ്ടാകാനുളള സാധ്യത വളരെ കൂടുതലാണ്. ഇത്തരം ജോലി ചെയ്യാൻ അവസരം നൽകണമെന്ന് ജീവനക്കാരിയായ സിരിഷ എന്നോട് ആവശ്യപ്പെട്ടു. അവളുടെ ധൈര്യം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി' എന്ന് സിംഗരേണി ഖനിയുടെ എംഡി ബാലറാം പറഞ്ഞു.

Also Read:ഉയരങ്ങളില്‍ ത്രിവര്‍ണ പതാക പാറിക്കാനൊരുങ്ങി ബിഎസ്‌എഫിന്‍റെ പെണ്‍ പുലികള്‍; മുകുത് മല കീടഴടക്കാന്‍ യാത്ര തുടങ്ങി

ABOUT THE AUTHOR

...view details