കൊൽക്കത്ത :ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പാള്‍ സന്ദീപ് ഘോഷിന്‍റെ വസതിയിൽ ഇഡി റെയ്‌ഡ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി (പിഎംഎൽഎ) ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്‌ഡ്. സന്ദീപ് ഘോഷിന്‍റെ സഹായികളുമായി ബന്ധമുള്ള ആറോളം ഇടങ്ങളിലും അന്വേഷണ സംഘം റെയ്‌ഡ് നടത്തി.
ആർജി കർ മെഡിക്കൽ കോളജിലെ അഴിമതിയും സാമ്പത്തിക ക്രമക്കേടും സംബന്ധിച്ച് ഇഡി രജിസ്‌റ്റർ ചെയ്‌ത കേസിന്‍റെ പശ്ചാത്തലത്തിലാണ് റെയ്‌ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷ് നിലവിൽ സിബിഐയുടെ കസ്‌റ്റഡിയിലാണ്.
അതേസമയം തനിക്കെതിരായ അഴിമതി ആരോപണങ്ങളിൽ സിബിഐ അന്വേഷണം നിർബന്ധമാക്കിയ കൽക്കട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌ത് സന്ദീപ് ഘോഷ് ബുധനാഴ്‌ച (സെപ്‌റ്റംബർ 4) സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. സന്ദീപ് ഘോഷിന്‍റെ ഹർജി സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ സെപ്‌റ്റംബർ 6 ന് വാദം കേൾക്കാൻ ലിസ്‌റ്റ് ചെയ്‌തു.
സന്ദീപ് ഘോഷ് പ്രിൻസിപ്പാളായിരിക്കെ ആശുപത്രയിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് സെപ്‌റ്റംബർ 2നാണ് സിബിഐ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. കൽക്കട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു അറസ്‌റ്റ്. ശേഷം സന്ദീപ് ഘോഷിനെ എട്ട് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. തുടർന്ന് പശ്ചിമ ബംഗാൾ ആരോഗ്യവകുപ്പ് അദ്ദേഹത്തെ സസ്‌പെൻഡും ചെയ്‌തിരുന്നു.
ഹൈക്കോടതിയുടെ നിർദേശങ്ങൾ പാലിച്ച് ഓഗസ്‌റ്റ് 24നാണ് സന്ദീപ് ഘോഷിനെതിരെ സിബിഐ ഔദ്യോഗികമായി എഫ്ഐആർ ഫയൽ ചെയ്‌തത്. കൂടാതെ, കൊൽക്കത്തയിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അന്വേഷണത്തിൻ്റെ ഫലം വരെ അദ്ദേഹത്തിൻ്റെ അംഗത്വം സസ്പെൻഡ് ചെയ്‌തിട്ടുണ്ട്.