കേരളം

kerala

ETV Bharat / bharat

ഓവർ ടൈം നിയമത്തിലും ജോലി സമയത്തിലും മാറ്റം; നിർദേശങ്ങളുമായി സാമ്പത്തിക സർവേ - ECONOMIC SURVEY ON WORKING HOURS

ജോലി സമയം പരിമിതപ്പെടുത്തുന്നത് ആഗോള വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തിന്‍റെ ഉത്പാദനക്ഷമതയെ ബാധിക്കുമെന്നാണ് സർവേ നിരീക്ഷണം.

ECONOMIC SURVEY NIRMALA SEETHARAMAN  OVERTIME REGULATION ECONOMIC SURVEY  FACTORY WORKING HOURS  OVER TIME WORKING HOUR REGULATIONS
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jan 31, 2025, 11:06 PM IST

സ്വകാര്യ മേഖലയിലെ ഓവർ ടൈം നിയമത്തിലും ജോലി സമയത്തിലും മാറ്റങ്ങള്‍ നിർദേശിച്ച് സാമ്പത്തിക സർവേ. ജോലി സമയം നിയന്ത്രിക്കുന്നതും പരിമിതപ്പെടുത്തുന്നതും ആഗോള വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തിന്‍റെ ഉത്പാദനക്ഷമതയെ ബാധിക്കും എന്നാണ് സർവേയിൽ പറയുന്നത്.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രൂപകൽപന ചെയ്‌ത തൊഴിൽ നിയന്ത്രണങ്ങൾ ചെറുകിട സംരംഭങ്ങളുടെ ഉള്‍പ്പെടെ വളർച്ചയെ ബാധിക്കുന്നതായും സർവേ നിരീക്ഷിക്കുന്നു. ഫാക്‌ടറി നിയമത്തിലെ (1948) സെക്ഷൻ 51 ൽ പറയുന്ന വർക്കിങ് ടൈം നിയമത്തിലും സർവേ ഭേദഗതി നിർദേശിക്കുന്നുണ്ട്.

'ഒരു തൊഴിലാളിയെയും ഒരു ആഴ്‌ചയിൽ നാൽപ്പത്തിയെട്ട് മണിക്കൂറിൽ കൂടുതൽ ഒരു ഫാക്‌ടറിയിൽ ജോലി ചെയ്യാൻ നിർബന്ധിക്കരുത്' എന്നാണ് നിലവിൽ നിയമം പറയുന്നത്. എന്നാൽ ഇത്തരത്തിൽ ജോലി സമയം നിയന്ത്രിക്കുന്നത് വിപണിയിലേക്ക് ഉത്‌പന്നങ്ങള്‍ എത്തിക്കാന്‍ എടുക്കുന്ന സമയത്തെയും ചെലവിനെയും ഉള്‍പ്പെടെ ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നതായും സർവേ ചൂണ്ടിക്കാണിക്കുന്നു.

ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയെ തടസപ്പെടുത്തുന്ന ഇത്തരം നിയന്ത്രണങ്ങള്‍ തൊഴിൽ അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനെയും മന്ദഗതിയിലാക്കും. ഒരു തൊഴിലാളിക്ക് ഒരു ദിവസത്തിലും ഒരു ആഴ്‌ചയിലും എത്ര മണിക്കൂർ ജോലി ചെയ്യാൻ കഴിയും എന്നത് പരിമിതപ്പെടുത്തുമ്പോള്‍ അത് പരോക്ഷമായി ഉത്‌പന്നങ്ങളുടെ ഡിമാന്‍റിനെ ബാധിക്കും.

ഫാക്‌ടറി തൊഴിലാളികൾക്കുള്ള ഓവർടൈമിനുള്ള നിയന്ത്രണങ്ങൾ (1948) പറയുന്ന ഫാക്‌ടറി നിയമത്തിലെ സെക്ഷൻ 65(3)(iv) ലും സർവേ ഭേദഗതി നിർദേശിക്കുന്നുണ്ട്. 'ഒരു തൊഴിലാളിയെയും തുടർച്ചയായി ഏഴ് ദിവസത്തിൽ കൂടുതൽ ഓവർടൈം ജോലി ചെയ്യാൻ അനുവദിക്കരുത്, കൂടാതെ ഏതൊരു മാസത്തിലെയും ആകെ ഓവർടൈം മണിക്കൂറുകളുടെ എണ്ണം എഴുപത്തിയഞ്ച് കവിയാൻ പാടില്ല, എന്നും ഈ നിയമം പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഫാക്‌ടറി നിയമത്തിലെ സെക്ഷൻ 56 ഒരു തൊഴിലാളിക്ക് ഒരു ഫാക്‌ടറിയിൽ പ്രതിദിനം പരമാവധി പത്തര മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ കഴിയൂ എന്ന് പരിമിതപ്പെടുത്തുന്നു, ഇത് ആഴ്‌ചയിൽ ആറ് ദിവസത്തേക്കുള്ള ഏകദേശം 63 മണിക്കൂറിന് തുല്യമാണ്. ഇതിൽ 48 മണിക്കൂർ മാത്രമേ സാധാരണ ജോലി സമയമായി കണക്കാക്കാനാകൂ (സെക്ഷൻ 51).

മൂന്ന് മണിക്കൂർ വിശ്രമ ഇടവേളകളായി കണക്കാക്കുന്നു. ബാക്കി 12 മണിക്കൂർ ഓവർടൈമായി കണക്കാക്കുന്നു. 13 ആഴ്‌ചയുള്ള ഒരു പാദത്തിൽ ഇപ്രകാരം 156 ഓവർടൈം മണിക്കൂറുകൾ അനുവദിക്കും. എന്നാൽ സെക്ഷൻ 65, ഓവർടൈമിനെ ഒരു പാദത്തിൽ 75 മണിക്കൂർ മാത്രം എന്ന് പരിമിതപ്പെടുത്തുന്നുണ്ട്. ഈ നിയമങ്ങൾ തൊഴിലാളികളുടെ വരുമാന സാധ്യതയേയും സാമ്പത്തിക ക്ഷേമത്തെ ബാധിക്കുന്നതായും സർവേ പറയുന്നു.

ഇന്ത്യയിലെ വ്യവസായ പ്രമുഖർ ദീർഘിപ്പിച്ച പ്രവൃത്തി സമയത്തിനായി വാദിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സർവേയുടെ കണ്ടെത്തലുകൾ. ലാർസൺ & ട്യൂബ്രോ ചെയർമാൻ എസ് എൻ സുബ്രഹ്മണ്യൻ അടുത്തിടെ 90 മണിക്കൂർ പ്രവൃത്തി സമയം നിർദേശിച്ചിരുന്നു. ജീവനക്കാർ വീട്ടിൽ ഇരിക്കുന്നതിനു പകരം ഞായറാഴ്‌ചകളിലും ജോലി ചെയ്യണമെന്ന് ഇദ്ദേഹം വാദിച്ചു.

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയും, വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ദാമ്പത്യ കലഹത്തിന് കാരണമാകുമെന്ന് തമാശയായി പറഞ്ഞ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും സമാനമായ അഭിപ്രായങ്ങളാണ് പങ്കുവച്ചത്. എന്നാൽ അമിതമായ ജോലി സമയം വിജയത്തിലേക്ക് നയിക്കില്ല, മറിച്ച് തളർച്ചയിലേക്ക് നയിക്കുമെന്ന് ആർ‌പി‌ജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക മുന്നറിയിപ്പ് നൽകി.

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും ജോലി സമയം വർധിപ്പിക്കുക എന്ന ആശയത്തെ എതിർത്തു. ജോലി സമയത്തേക്കാൾ ഉൽ‌പാദനക്ഷമതയ്ക്ക് മുൻഗണന നൽകണമെന്ന് ഇദ്ദേഹം പറഞ്ഞു. അതേസമയം അമിതമായ ജോലി സമയം മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും 2024-25 ലെ സാമ്പത്തിക സർവേ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആഴ്‌ചയിൽ 60 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് ആരോഗ്യപരമായ അപകടസാധ്യതകൾക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നതായി സർവേ ചൂണ്ടിക്കാണിക്കുന്നു. സാപിയൻ ലാബ്‌സ് സെന്‍റർ ഫോർ ഹ്യൂമൻ ബ്രെയിൻ ആൻഡ് മൈൻഡ് നടത്തിയ ഒരു പഠനത്തെ പരാമർശിച്ചായിരുന്നു ഈ നിരീക്ഷണം.

ഒരേ മേശയിൽ 12 അല്ലെങ്കിൽ അതിൽ കൂടുതൽ മണിക്കൂർ സമയം ചെലവഴിക്കുന്ന വ്യക്തികളുടെ മാനസിക ക്ഷേമ നിലവാരം ദുരിതപൂർണമായിരിക്കും എന്നാണ് പഠനം പറയുന്നത്. അതേസമയം ഉത്‌പാദനക്ഷമതയെ ഒന്നിലധികം ഘടകങ്ങൾ സ്വാധീനിക്കുന്നുവെന്നും സർവേ സമ്മതിക്കുന്നുണ്ട്. മാനസികാരോഗ്യത്തിനപ്പുറം ജോലി സ്ഥലത്തെ സംസ്‌കാരവും ജീവിതശൈലി തെരഞ്ഞെടുപ്പുകളും ഉത്‌പാദനക്ഷമതയെ ബാധിക്കുന്നതായാണ് കണ്ടെത്തൽ.

ശക്തമായ ജോലിസ്ഥല ബന്ധങ്ങളും ജോലിസ്ഥലത്തെ മികച്ച ലക്ഷ്യബോധവും പ്രതിമാസം 2-3 ദിവസത്തെ പ്രവൃത്തിദിന നഷ്‌ടം കുറയ്ക്കുമെന്ന് സർവേ സൂചിപ്പിച്ചു. ശക്തമായ മാനേജ്മെന്‍റ് തൊഴിലാളി ബന്ധങ്ങളുള്ള സ്ഥാപനങ്ങളിൽ പോലും, പ്രതിമാസം ശരാശരി അഞ്ച് പ്രവൃത്തിദിനങ്ങൾ ഇക്കാരണത്താൽ നഷ്‌ടപ്പെടുന്നുണ്ടെന്ന് സർവേ മുന്നറിയിപ്പ് നൽകി.

വിഷാദവും ഉത്കണ്‌ഠയും ആഗോളതലത്തിൽ പ്രതിവർഷം 12 ബില്യൺ പ്രവൃത്തിദിനങ്ങളുടെ നഷ്‌ടത്തിന് കാരണമാകുമെന്നുണ്ടെന്നും ഇത് 1 ട്രില്യൺ ഡോളറിന്‍റെ സാമ്പത്തിക നഷ്‌ടത്തിന് തുല്യമാണെന്നുമാണ് ലോകാരോഗ്യ സംഘടനയുടെയുടെ കണ്ടെത്തൽ. രൂപയുടെ അടിസ്ഥാനത്തിൽ, ഇത് പ്രതിദിനം ഏകദേശം ₹7,000 ത്തോളം വരും. 8 മണിക്കൂർ ജോലി സമയത്തെ വരെ ബാധിക്കാന്‍ സാധ്യതയുള്ള നിർദേശങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കുമെന്നും വിമർശനങ്ങള്‍ ലംഘിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

Also Read:കേന്ദ്ര ബജറ്റ് നാളെ; പ്രതീക്ഷയില്‍ കേരളവും, വേണം 24,000 കോടിയുടെ പ്രത്യേക പാക്കേജ്

ABOUT THE AUTHOR

...view details