ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് അവിടെ തന്നെ വോട്ടുചെയ്യാൻ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കവെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. 1990-കളിൽ കലാപത്തെത്തുടർന്ന് കശ്‌മീരിൽ നിന്ന് പാലായനം ചെയ്യാൻ നിർബന്ധിതരായവർക്കായി തയ്യാറാക്കിയ സൗകര്യങ്ങൾക്ക് സമാനമായ ക്രമീകരണമാകും മണിപ്പൂരിൽ തയ്യാറാക്കുക എന്നും അദ്ദേഹം പറഞ്ഞു.
"ക്യാമ്പിൽ നിന്ന് വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനായി ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്, അത് ഞങ്ങൾ നോട്ടിഫൈ ചെയ്‌തിട്ടുണ്ട്. ജമ്മു കശ്‌മീരില്‍ നിന്ന് പാലായനം ചെയ്‌തവർക്ക് വേണ്ടി നടപ്പാക്കിയ പദ്ധതിക്ക് സമാനമായി മണിപ്പൂരിലും അത് നടപ്പിലാക്കും. വോട്ടർമാരെ അതത് ക്യാമ്പുകളിൽ നിന്ന് വോട്ട് ചെയ്യാൻ അനുവദിക്കും" - രാജീവ് കുമാർ പറഞ്ഞു.
മണിപ്പൂരിലെ സ്ഥിതിഗതികൾ അവലോകനം ചെയ്‌തതായും വിവിധ മണ്ഡലങ്ങളിലുള്ള വോട്ടർമാരെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ ജന്മനാടുകളില്‍ നിന്ന് മാറ്റിപ്പാർപ്പിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ചൂണ്ടിക്കാട്ടി. വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന മണിപ്പൂർ നിവാസികൾക്ക് ഇവിഎമ്മിലൂടെ വോട്ട് ചെയ്യാന്‍ പ്രത്യേക പോളിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്‌തു.