ന്യൂഡല്‍ഹി: തങ്ങളുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഗാനം തെരഞ്ഞടുപ്പ് കമ്മീഷന്‍ നിരോധിച്ചെന്ന ആരോപണവുമായി ആം ആദ്‌മി പാര്‍ട്ടി. 'ജയില്‍ കെ ജവാബ് മേ ഹും വോട്ട് ദേംഗെ' എന്ന ഗാനമാണ് നിരോധിച്ചത്. ഭരണകക്ഷിയായ ബിജെപിയെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും മേല്‍ കരിനിഴല്‍ വീഴ്‌ത്തുന്ന ഗാനമാണ് ഇതെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് ആരോപണം. എഎപിയുടെ വാദത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല.
ഒരു പാര്‍ട്ടിയുടെ പ്രചാരണഗാനം നിരോധിക്കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാകുമെന്ന് എഎപിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. ഗാനത്തില്‍ ബിജെപിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. മാതൃക പെരുമാറ്റച്ചട്ടവും ലംഘിച്ചിട്ടില്ല. വസ്‌തുതപരമായ ദൃശ്യങ്ങളും സംഭവങ്ങളുമാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്. ബിജെപി നടത്തുന്ന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ കമ്മീഷന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും അതിഷി ആരോപിച്ചു.