ന്യൂഡൽഹി :ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോസ്‌റ്റര്‍, ലഘുലേഖ വിതരണവും, മുദ്രാവാക്യം വിളിക്കുന്നതും ഉൾപ്പെടെയുള്ള പ്രചാരണങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടു. മാർഗനിർദേശം ലംഘിക്കുന്ന പാർട്ടിക്കും സ്ഥാനാർത്ഥിക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി (EC Against Use of Children in Election).
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കുട്ടികളെ ഏത് വിധത്തില്‍ ഉപയോഗിക്കുന്നതിനോടും തങ്ങള്‍ “സീറോ ടോളറൻസ്” നയമാണ് സ്വീകരിക്കുന്നതെന്ന് കമ്മീഷൻ വ്യക്‌തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും ജോലികളിലോ പ്രവർത്തനങ്ങളിലോ കുട്ടികളെ ഒരു തരത്തിലും ഉൾപ്പെടുത്തരുതെന്ന് കമ്മീഷൻ എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
ബാലവേലയുമായി ബന്ധപ്പെട്ട് പ്രസക്തമായ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസർമാരും റിട്ടേണിംഗ് ഓഫീസർമാരും "വ്യക്തിപരമായ ഉത്തരവാദിത്തം" വഹിക്കും. തങ്ങളുടെ അധികാരപരിധിയില്‍ ഈ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാല്‍ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകി.