തൃശൂർ: ചിൽഡ്രൻസ് ഹോമിൽ കുട്ടിയെ തലക്ക് അടിച്ചു കൊലപ്പെടുത്തി. യുപിയിൽ നിന്നും ഇരിങ്ങാലക്കുടയിൽ താമസമാക്കിയ 17 വയസുള്ള അങ്കിത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15 വയസുകാരനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ രാമവർമ്മപുരത്തെ ചിൽഡ്രൻസ് ഹോമിൽ ഇന്ന് രാവിലെയാണ് അരുംകൊല അരങ്ങേറിയത്. അങ്കിത്തിനെ ചിൽഡ്രൻസ് ഹോമിലെ തന്നെ അന്തേവാസിയായ 15കാരൻ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. രാത്രിയോടെ പ്രശ്‌നം പറഞ്ഞു തീർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കീഴ്‌ചുണ്ടിന് പരിക്കേറ്റ 15 കാരൻ രാവിലെ എഴുന്നേറ്റ് പല്ല് തേക്കുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഇതോടെ ദേഷ്യവും സങ്കടവും തോന്നി. ഓഫിസ് മുറിയിൽ ഇരുന്ന ചുറ്റിക എടുത്ത് തന്‍റെ ചുണ്ടു മുറിയാൻ ഇടയായ അങ്കിത്തിൻ്റെ തലക്കടിക്കുകയായിരുന്നു. ശബ്‌ദം കേട്ട് എത്തിയ അന്തേവാസികള്‍ ചേർന്ന് കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
'രണ്ട് കെയർടേക്കർമാർ ഈ സമയത്ത് ചിൽഡ്രന്‍സ് ഹോമിൽ ഉണ്ടായിരുന്നു. സംഭവത്തിൽ ഇവർക്ക് വീഴ്‌ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന്' ജില്ലാ കളക്‌ടർ അർജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. 'അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിന് ശേഷം നടപടി വേണമോ എന്ന് തീരുമാനിക്കുമെന്നും' അദ്ദേഹം പറഞ്ഞു.
'കൊലപാതകം നടത്തിയ കുട്ടിക്കും 18 വയസ് തികയാത്തതിനാൽ ജുവനൈൽ ജസ്‌റ്റിസ് ആക്‌ടിനു കീഴിലെ നടപടികളാണ് ചെയ്‌തു വരുന്നത്. ശാസ്‌ത്രീയ പരിശോധനകളും തെളിവെടുപ്പുമായി മുന്നോട്ട് പോകും. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം കുട്ടിക്ക് തന്നെയാണ്. നിയമപരമായി കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം കെയർടേക്കർമാരുടെ തലയിലേക്ക് മാറില്ലെന്നും' സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ പറഞ്ഞു.
2023 മുതൽ തൃശൂർ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയാണ് അങ്കിത്. കൊല നടത്തിയ 15 കാരൻ ഒരു മാസം മുൻപാണ് ചിൽഡ്രൻസ് ഹോമിലെത്തിയത്.