ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം സംബന്ധിച്ച പ്രഖ്യാപനം ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ആരോഗ്യരംഗത്തെ ആവശ്യങ്ങള്‍ക്ക് ഇന്ത്യ ആരെയും ആശ്രയിക്കുന്നില്ല. നിലവിലുള്ള പദ്ധതികളും പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്കയെ പിൻവലിച്ചുള്ള പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിൻ്റെ ഉത്തരവിൽ ലോക രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുടെ വാർത്താ സമ്മേളനം. ദേശീയ ആരോഗ്യ രംഗത്ത് കഴിഞ്ഞ 10 വർഷത്തിനിടയിൽ കൈവരിച്ച പുരോഗതിയെക്കുറിച്ചും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുമായി ഒരുമിച്ച് പ്രവർത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. സംഘടനയുടെ പ്രധാന സംഭാവനകള്‍ രാജ്യം ഏറ്റുവാങ്ങിയിട്ടുണ്ട്. ദേശീയ സിക്കിൾ സെൽ അനീമിയ മിഷൻ, പ്രധാൻ മന്ത്രി നാഷണൽ ഡയാലിസിസ് പ്രോഗ്രാം (പിഎംഎൻഡിപി), ദേശീയ ക്ഷയരോഗ നിർമാർജന പരിപാടി, മിഷൻ ഇന്ദ്രധനുഷ് (എംഐ) എന്നിവ 2014ന് ശേഷമുള്ള ഇന്ത്യയുടെ ആരോഗ്യ രംഗത്തെ നേട്ടങ്ങളാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2014 മുതൽ ആരോഗ്യ രംഗത്ത് ഇന്ത്യക്ക് 185 ശതമാനം വളർച്ചയുണ്ടായതായും അദ്ദേഹം പറഞ്ഞു. ആരോഗ്യം മുൻഗണനാ മേഖലയാണ്. അതിനാൽ കേന്ദ്ര സർക്കാർ നടത്തിവരുന്ന പദ്ധതികൾക്ക് മാറ്റമുണ്ടാകില്ല എന്നും നദ്ദ പറഞ്ഞു. ശനിയാഴ്‌ച നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായാണ് വാർത്താ സമ്മേളനം എന്നതും ശ്രദ്ധേയമാണ്. രാജ്യത്തിൻ്റെ ആരോഗ്യ മേഖലക്ക് പ്രതികൂല സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി ആവർത്തിച്ചു.
ആരോഗ്യ സംബന്ധമായ ടെലി കൺസൾട്ടേഷനുകൾ 26 ലക്ഷത്തിൽ നിന്ന് 11.83 കോടിയായി ഉയർന്നു. സൗജന്യ മരുന്നുകളും ഡയഗ്നോസ്റ്റിക്‌സ് സേവനവും മെച്ചപ്പെടുത്തി. ആശുപത്രികളിൽ ലഭ്യമായ മരുന്നുകളുടെ എണ്ണം പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കി. 2023-24 സാമ്പത്തിക വർഷത്തിൽ 4.53 ലക്ഷത്തിലധികം രോഗികൾ പ്രധാൻമന്ത്രി നാഷണൽ ഡയാലിസിസ് പ്രോഗ്രാമിന് കീഴിൽ സേവനം കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു.