ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടു. 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു. അഞ്ച് കിലോമീറ്റര്‍ ആഴത്തിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചെ 5.36നായിരുന്നു സംഭവം. ധൗള കുവാനിലെ ദുർഗാഭായ് ദേശ്‌മുഖ് കോളജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷന് സമീപമായിരുന്നു പ്രഭവകേന്ദ്രമെന്നാണ് വിവരം. പ്രദേശത്ത് രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2015 ൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ ശബ്‌ദത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പെട്ടെന്നുള്ള ഭൂചലനത്തില്‍ ആളുകള്‍ പരിഭ്രാന്തരായി. ചിലര്‍ വീടുകളില്‍ നിന്നും പുറത്തേക്കിറങ്ങി ഓടുന്ന സാഹചര്യം പോലും ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ നിരവധി ബഹുനില കെട്ടിടങ്ങളിലെ താമസക്കാരാണ് പരിഭ്രാന്തിയില്‍ വീടുവിട്ട് ഓടിയത്.