ഹൈദരാബാദ് : മയക്കുമരുന്ന് വിൽപന കേസിൽ ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. സയ്യദ് ഫൈസൽ (27), ഭാര്യ നദിയ (27) എന്നിവരും കൂട്ടാളികളായ ജുനൈദ് ഖാൻ (29), മുഹമ്മദ് അബ്രാർ ഉദ്ദീൻ (28), റഹ്മത്ത് ഖാൻ (46) എന്നിവരുമാണ് തെലങ്കാന ആന്‍റി നാർക്കോട്ടിക് ബ്യൂറോയുടെ (ടിഎൻഎബി) പിടിയിലായത്. ടിഎൻഎബി നടത്തിയ ഓപ്പറേഷനിൽ 4 ലക്ഷം രൂപ വിലമതിക്കുന്ന 34 ഗ്രാം എംഡിഎംഎയും ആറ് സെൽഫോണുകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
അംബർപേട്ടിലെ സയ്യിദ് ഫൈസലും മുഷിറാബാദിൽ താമസിക്കുന്ന നദിയ എന്ന മുഷാറത്ത് ഉണ്ണിസാബേഗവും അഞ്ച് വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴി സുഹൃത്തുക്കളായവരാണെന്ന് ഉദ്യോഗസ്ഥർ അന്വേഷണത്തിൽ കണ്ടെത്തി. അവരുടെ സൗഹൃദം പ്രണയമായി വളരുകയും പിന്നാലെ വിവാഹിതരാകുകയും ആയിരുന്നു.
കഴിഞ്ഞ നാല് വർഷമായി ദമ്പതികൾ ഗോവയിൽ നിന്ന് മയക്കുമരുന്ന് വാങ്ങി നഗരത്തിൽ വിതരണം ചെയ്യുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൊക്കെയ്ൻ, ഹെറോയിൻ, എംഡിഎംഎ എന്നീ മയക്കുമരുന്നുകളാണ് ഇവർ വിതരണം ചെയ്യുന്നത്. മയക്കുമരുന്ന് കടത്തിൽ ഇവരുടെ പങ്കാളിയായ ജുനൈദ് ഖാൻ ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള വിതരണക്കാരനായാണ് പ്രവർത്തിക്കുന്നത്. ഗ്രാമിന് 5,000 രൂപ മുതൽ 6,000 രൂപ വരെ വിലയുള്ള മയക്കുമരുന്നുകൾ വാങ്ങി ഹൈദരാബാദിൽ ഗ്രാമിന് 8,000 രൂപ മുതൽ 10,000 രൂപ വരെ നിരക്കിലാണ് ഇവർ വിൽക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
മയക്കുമരുന്ന് കേസിലും മറ്റുമായി മുൻപും ഇവരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും, വീണ്ടും അവർ നിയമ വിരുദ്ധമായി അതേ കാര്യങ്ങൾ തന്നെ തുടരുകയായിരുന്നു എന്നും അധികൃതർ അറിയിച്ചു. ആഴ്‌ചകൾക്ക് മുമ്പ്, മുഹമ്മദ് അബ്രാർ ഉദ്ദീനും റഹ്മത്ത് ഖാനും ബാംഗ്ലൂരിലേക്ക് പോയി, അവിടെ ജുനൈദ് ഖാനിൽ നിന്ന് 34 ഗ്രാം എംഡിഎംഎ വാങ്ങിയിരുന്നു. എന്നാൽ, ഈ മാസം 10 ന് ഹൈദരാബാദിലേക്ക് മടങ്ങിയെത്തിയ ഇവരെ ഹസൻനഗർ ക്രോസ്‌റോഡിൽ വച്ച് ടിഎൻഎബി ഉദ്യോഗസ്ഥർ തടഞ്ഞതോടെ അവരുടെ പദ്ധതികൾ പരാജയപ്പെടുകയായിരുന്നു എന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ALSO READ :ഇന്ത്യ - പാക് അതിർത്തിയിൽ വന്‍ ഹെറോയിൻ വേട്ട; പിടികൂടിയത് 15 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് - HEROIN SEIZED IN INDIA PAKISTAN BORDER