ചെന്നൈ:ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലേത് പോലെ ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അയോധ്യയിലെ രാമക്ഷേത്രമെന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചു. നിരവധി വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ജനുവരി 22ന് ക്ഷേത്രം ഭക്തര്‍ക്കായി സമര്‍പ്പിക്കും. 4000 കോടി രൂപയോളം ചെലവിലാണ് അയോധ്യയില്‍ രാമക്ഷേത്രം പടുത്തുയര്‍ത്തിയത്.
അതീവ സൂക്ഷമതയോടെ നിര്‍മിച്ച ക്ഷേത്രത്തിലെ ഒരോ കാര്യങ്ങളും വളരെയധികം വ്യത്യാസപ്പെട്ടാണിരിക്കുന്നത്. ചുമരുകളും അതില്‍ കൊത്തിവച്ചിരിക്കുന്ന ചിത്രങ്ങളുെമല്ലാം ഭക്തജന ശ്രദ്ധ കവരുന്നവയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വളരെയധികം പ്രത്യേകതകളുള്ളതാണ് ക്ഷേത്രത്തിന്‍റെ കവാടം.
തമിഴ്‌നാട്ടിലെ മാമല്ലപ്പുരം സ്വദേശിയായ കുമാരസ്വാമി രമേശിന്‍റെ കരവിരുതില്‍ ഒരുങ്ങിയതാണ് പ്രധാന കവാടം. കവാടത്തിന് പുറമെ ക്ഷേത്രത്തിലെ മുഴുവന്‍ കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയതും കുമാരസ്വാമി രമേശിന്‍റെ നേതൃത്വത്തിലുള്ള കരകൗശല വിദഗ്‌ധരാണ്. തേക്ക് തടിയില്‍ മനോഹരമായ കൊത്തുപണികളുള്ള പ്രധാന കവാടം അടക്കം ക്ഷേത്രത്തിലേക്കുള്ള 44 വാതിലുകള്‍ പണിതതും രമേശും സംഘവുമാണ്.
തേക്ക് തടിയില്‍ നിര്‍മിച്ച കവാടങ്ങളില്‍ സ്വര്‍ണം പൂശി മനോഹരിമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട രമേശും സംഘവും കഴിഞ്ഞ 6 മാസമായി അയോധ്യയിലാണ്. ഹൈദരാബാദിലെ ഒരു കമ്പനി വഴിയാണ് അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം നടത്തുന്ന ഫൗണ്ടേഷനെ കാണാന്‍ തനിക്ക് അവസരം ലഭിച്ചതെന്നും അതിലൂടെയാണ് ഇത്രയും വലിയ ദൗത്യത്തിന് സാഹചര്യം ഒരുങ്ങിയതെന്നും രമേശ് ഇടിവി ഭാരതിനോട് പറഞ്ഞു.
ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങ്. പ്രതിഷ്‌ഠ ചടങ്ങിന് മുമ്പായി ക്ഷേത്രത്തില്‍ രാമലല്ല വിഗ്രഹം അനാച്ഛാദനം ചെയ്‌തു. നിരവധി ചടങ്ങുകളും പൂജകളും പൂര്‍ത്തിയാക്കിയാണ് രാമലല്ലയെ ശ്രീകോവിലില്‍ പ്രതിഷ്‌ഠിച്ചത്. അഞ്ച് വയസുള്ള കുട്ടിയായി ചിത്രീകരിച്ചിരിക്കുന്ന ശ്രീരാമ വിഗ്രഹത്തിന് 51 ഇഞ്ചാണുള്ളത്. മൈസൂരുവില്‍ നിന്നുള്ള ശില്‍പി അരുണ്‍ യോഗിരാജാണ് കരിങ്കല്ലില്‍ ശില്‍പം തീര്‍ത്തത്.
മൈസൂരുവിലെ തന്നെ എച്ച്‌ഡി കോട്ടെ താലൂക്കിലെ ഗുജ്ജഗൗഡനപുരയില്‍ കണ്ടെത്തിയ കൃഷ്‌ണ ശിലയിലാണ് രാമലല്ല വിഗ്രഹം കൊത്തിയെടുത്തത്. കൃഷ്‌ണ ശിലയ്‌ക്ക് ഇരുമ്പിനേക്കാള്‍ കാഠിന്യമുണ്ടെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ഭൗമോപരിതലത്തില്‍ നിന്നും 50,60 അടി താഴ്‌ചയിലാണ് കൃഷ്‌ണ ശിലയുണ്ടാകുകയെന്നും ശില്‍പികള്‍ പറയുന്നു. 1200 വര്‍ഷത്തോളം യാതൊരു കേടുപാടുകളും കൂടാതെ ഇത് സൂക്ഷിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.
Also Read:അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ