ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ശിക്ഷ നിരക്ക് കുറവായ പശ്ചാത്തലത്തിൽ പ്രോസിക്യൂഷന്‍റെയും തെളിവുകളുടെയും ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സുപ്രീം കോടതി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനോട് നിർദേശിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) 2014നും 2024നും ഇടയിൽ 5,297 കേസുകളാണ് ഇഡി രജിസ്‌റ്റർ ചെയ്‌തതെന്നും, അതിൽ 40 കേസുകളിൽ മാത്രമാണ് ശിക്ഷ വിധിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്‌ച (ഓഗസ്‌റ്റ് 6) ലോക്‌സഭയെ അറിയിച്ചിരുന്നു. ശിക്ഷാ നിരക്ക് വർധിപ്പിക്കാൻ കേന്ദ്ര ഏജൻസി ശാസ്‌ത്രീയമായ അന്വേഷണം നടത്തണമെന്ന് പാർലമെന്‍റിലെ കേന്ദ്രസർക്കാരിന്‍റെ പ്രസ്‌താവന ഉദ്ധരിച്ച് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.
കൽക്കരി ഘനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഛത്തീസ്‌ഗഡ് വ്യവസായി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്‌റ്റിസുമാരായ ദീപങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. പ്രോസിക്യൂഷന്‍റെയും തെളിവുകളുടെയും ഗുണനിലവാരത്തിൽ കേന്ദ്ര ഏജൻസി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിനോട് ബെഞ്ച് പറഞ്ഞു.