ചെന്നൈ:വോട്ടിങ്ങില്‍ വരുന്ന പിഴവ് പരിഗണിച്ച്,ബാലറ്റിങ് യൂണിറ്റിനും കൺട്രോൾ യൂണിറ്റിനും ഇടയിൽ പ്രിന്റര്‍ സ്ഥാപിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. മൂന്നാം തലമുറ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ ചെയ്തത് പോലെയുള്ള ക്രമീകരണങ്ങള്‍ പാടില്ലെന്നാണ് ഡിഎംകെയുടെ ആവശ്യം. ആർ. ഭാരതിയും പാർട്ടി നിയമ വിഭാഗം സെക്രട്ടറി എൻ ആർ ഇളങ്കോ എംപിയും നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ നടപടി ക്രമം മൂലം രണ്ട് ശതമാനം പിഴവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ പറഞ്ഞത്. രണ്ട് ശതമാനം വോട്ടുകളുടെ വ്യത്യാസമുണ്ടെങ്കിൽ അത് തീര്‍ച്ചയായും പരിഹരിക്കപ്പെടണമെന്ന് ആർ എസ് ഭാരതി പറഞ്ഞു. വോട്ടിങ്ങ് മെഷീനില്‍ മാറ്റം വരുത്തുമ്പോള്‍ 22 ലക്ഷം വോട്ടർമാരിൽ 2% പേരുടെ വോട്ടില്‍ പിഴവ് വരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാല്‍, 46,000 വോട്ടുകളില്‍ തെറ്റ് സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ്. ഒരു പാർലമെന്റ് മണ്ഡലത്തിനെ സംബന്ധിച്ച് 46,000 വോട്ടുകൾ എന്നത് ഒരു സാധാരണ കാര്യമല്ല. 2019ലെ തെരഞ്ഞെടുപ്പിൽ വിസികെ നേതാവ് തിരുമാവളവന് മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളെ രാഷ്ട്രീയ പാർട്ടികൾ ന്യായമായും സംശയിക്കുന്നു. മൂന്നാം തലമുറ യന്ത്രങ്ങൾ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ അവയിലുണ്ടായിരുന്ന പിഴവുകള്‍ തിരുത്തിയില്ല. ഇവിഎം മെഷീൻ നിർമ്മാണ സൈറ്റുകളിൽ ബിജെപി അംഗങ്ങളെ നിയമിച്ചിട്ടുണ്ട്. മെഷീൻ നിർമാണ കമ്പനികളിലേക്ക് ബിജെപി അംഗങ്ങളെ പ്രത്യേകമായി അയച്ചത് സംശയാസ്പദമാണെന്നും ആർ എസ് ഭാരതി പറഞ്ഞു.