ബെംഗളുരു(കര്‍ണാടക): സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇവര്‍ക്ക് അഖിലേന്ത്യാ തലത്തില്‍ ഞങ്ങള്‍ സംവരണം നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് നയത്തെ ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല. വിദ്യാര്‍ത്ഥികളോട് ധാരാളം അനീതി കാട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്‍ഡിഎ സര്‍ക്കാര്‍ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല. അവര്‍ കേവലം അന്വേഷണത്തില്‍ മാത്രം കാര്യങ്ങള്‍ ഒതുക്കുന്നു. ഇതൊരു ഗൗരവമുള്ള കുറ്റമാണ്. അറസ്റ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയാണ് ഇതെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം അഞ്ചിന് നടന്ന പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രെയ്‌സ് മാര്‍ക്ക് അനുവദിക്കലും അടക്കമുള്ള വിഷയങ്ങള്‍ക്ക് പിന്നാലെയാണ് ശിവകുമാര്‍ തന്‍റെ ആശങ്കകള്‍ പങ്കുവച്ചത്. ദേശീയ പരീക്ഷ ഏജന്‍സി രാജ്യവ്യാപകമായി 4,750 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷ 24 ലക്ഷം കുട്ടികളാണ് എഴുതിയത്.