മുംബൈ:ധാരാവി പുനർവികസന പദ്ധതി വീണ്ടും വിവാദത്തിൽ. മുംബൈയിൽ 1253 ഏക്കർ ഭൂമി അദാനി ഗ്രൂപ്പിന് നൽകാൻ സംസ്ഥാന സർക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഈ തീരുമാനത്തെ എതിര്‍ത്ത് താക്കറെ വിഭാഗം പ്രതിഷേധം നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസും മാര്‍ച്ചുമായി രംഗത്തെത്തിയിരിക്കുകയാണ്.
പദ്ധതിയുടെ അടിസ്ഥാനത്തില്‍ ചേരി നിവാസികളെ മുളുന്ദ് സകാത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം. മുനിസിപ്പൽ കോർപ്പറേഷന്‍റെ അധികാരപരിധിയിലുള്ള മുളുന്ദിലെ മാലിന്യ നിക്ഷേപ കേന്ദ്രം നിര്‍മിക്കാനായി മാറ്റിവച്ച സ്ഥലമാണിവിടം. കൂടാതെ, കുറച്ച് പേരെ റെയിൽവേ പരിസരത്തേക്കും മാറ്റും. കുർളയിലെ മദർ ഡയറിയുടെ 21 ഏക്കർ സ്ഥലത്തേക്ക് ബാക്കിയുള്ള ചേരി നിവാസികളെ മാറ്റിപ്പാർപ്പിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന ധാരാവിയില്‍ എട്ട് ലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. മഹാരാഷ്‌ട്ര സർക്കാർ ധാരാവി പുനർവികസന പദ്ധതിയിലേക്ക് കുർള ഡയറിയുടെ 21 ഏക്കർ പ്ലോട്ട് കൂട്ടിച്ചേർക്കാൻ അനുമതി നൽകിയത് അടുത്തിടെയാണ്. മഹാരാഷ്‌ട്ര സർക്കാരിന്‍റെയും അദാനി ഗ്രൂപ്പിന്‍റെയും സംയുക്ത സംരംഭമാണ് പദ്ധതി. ധാരാവിയിലെ അനർഹരായ ചേരി നിവാസികളെ കുർളയിലെ നിർദിഷ്‌ട 21 ഏക്കർ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്നാണ് പറയയുന്നത്.
ധാരാവിയിലെ സൗകര്യങ്ങള്‍ നഗരങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 2022ലാണ് പുനർവികസന പദ്ധതി ആരംഭിച്ചത്. ധാരാവിയുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതിലെ താമസക്കാർക്ക് മെച്ചപ്പെട്ട പാർപ്പിട അവസരങ്ങൾ നൽകുന്നതിനും പ്രദേശത്തെ പുനർരൂപകൽപ്പന ചെയ്യുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിട്ടാണ് പദ്ധതി കണക്കാക്കപ്പെടുന്നത്.
മുളുന്ദ്, കാഞ്ജൂർമാർഗ്, ഭാണ്ഡൂപ്പ്, വഡാല എന്നിവിടങ്ങളിലെ ചേരി നിവാസികൾക്ക് വീടുനൽകാൻ സർക്കാർ നേരത്തെ പ്ലോട്ടുകൾ അനുവദിച്ചിരുന്നു. കുർളയിൽ പുതുതായി കൂട്ടിച്ചേർത്ത 21 ഏക്കർ പ്ലോട്ടിൽ നിലവിൽ ഒരു ഡയറി, സ്റ്റാഫ് താമസ സൗകര്യം, ഒരു കോൾഡ് സ്റ്റോറേജ് പ്ലാന്‍റ്, പ്രധാന അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസ് എന്നിവയുണ്ട്. ഈ 21 ഏക്കർ ഭൂമിയിൽ രണ്ടര ഏക്കർ സ്ഥലം മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നതാണെന്ന് പ്രദേശവാസിയായ രാമചന്ദ്ര ദൽവി ഇടിവി ഭാരതിനോട് പറഞ്ഞു.