ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും മൂടൽമഞ്ഞ് കനത്തതോടെ സ്ഥിതിഗതികൾ രൂക്ഷമായി. കനത്ത മൂടൽമഞ്ഞ് ട്രെയിൻ വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട 24 ട്രെയിനുകളാണ് കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വൈകിയത്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച്, ഇന്ന് (ജനുവരി 3) രാവിലെ 5.30ന് ഡൽഹിയിൽ താപനില 9.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനം മൂലം അയോധ്യ എക്‌സ്‌പ്രസ് നാല് മണിക്കൂറും ഗോരഖ്‌ധാം എക്‌സ്പ്രസ് രണ്ട് മണിക്കൂറിലധികവും ബിഹാർ ക്രാന്തി എക്‌സ്‌പ്രസ്, ശ്രം ശക്തി എക്‌സ്പ്രസ് എന്നിവ മൂന്ന് മണിക്കൂറിലധികവും വൈകിയതായി അധികൃതർ അറിയിച്ചു.
ഫ്ലൈറ്റ് റഡാർ 24 പ്രകാരം ഡൽഹി എയർപോർട്ടിൽ വിമാനം എത്തിച്ചേരുന്നതിന് ശരാശരി അഞ്ച് മിനിറ്റും പുറപ്പെടുന്നതിന് 11 മിനിറ്റും കാലതാമസം ഉണ്ടായതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം പല എയർലൈനുകളുടെയും സർവീസുകളെ ബാധിച്ചതായി അധികൃതർ വ്യക്തമാക്കി.
മോശം കാലാവസ്ഥ അമൃത്‌സറിലേക്കും ഗുവാഹത്തിയിലേക്കും വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളെയും ബാധിച്ചതായി സ്‌പൈസ് ജെറ്റ് പറഞ്ഞു. ഡൽഹി, അമൃത്‌സർ, ലഖ്‌നൗ, ബെംഗളൂരു, ഗുവാഹത്തി റൂട്ടുകളിൽ യാത്ര ചെയ്യുന്നവരെ കേന്ദ്രീകരിച്ച് ഇൻഡിഗോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കണമെന്ന് വിവിധ എയർലൈനുകൾ യാത്രക്കാരോട് അഭ്യർഥിച്ചു. മാത്രമല്ല, ദൃശ്യപരത മോശമായി തുടരുകയാണെങ്കിൽ വിമാനങ്ങൾ റദ്ദാക്കപ്പെടുമെന്നും മുന്നറിയിപ്പ് നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക