കേരളം

kerala

ETV Bharat / bharat

ഡൽഹി മദ്യനയ അഴിമതി കേസ്‌; സഞ്ജയ് സിംഗിന് കോടതി ജാമ്യം അനുവദിച്ചു - BAIL TO SANJAY SINGH IN LIQUOR SCAM

ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കഴിഞ്ഞ വർഷം ഒക്ടോബറിൽ അറസ്റ്റിലായ ആം ആദ്‌മി പാർട്ടി എംപി സഞ്ജയ് സിംഗിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.ജാമ്യം ഉപാധികളോടെ.

DELHI EXCISE POLICY SCAM  AAP MP SANJAY SINGH  BAIL GRANTED TO SANJAY SINGH  SUPREME COURT
DELHI EXCISE POLICY SCAM

By ETV Bharat Kerala Team

Published : Apr 2, 2024, 5:38 PM IST

ന്യൂഡൽഹി: ഡൽഹി മദ്യ നയ കേസിൽ ആം ആദ്‌മി പാർട്ടി എംപി സഞ്ജയ് സിംഗിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി ബി വരാലെ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ്‌ സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചത്‌.

ഉപാധികളോടെയാണ് ജാമ്യമെന്നും ജാമ്യ വ്യവസ്ഥകള്‍ വിചാരണക്കോടതി തീരുമാനിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സഞ്ജയ് സിങ്ങിന് രാഷ്ട്രീയ പ്രവര്‍ത്തനം തുടരാമെന്നും ഇഡി നല്‍കിയ ഇളവ് കീഴ്വഴക്കമായി എടുക്കരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കേസിന്‍റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി അറിയിച്ചു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സഞ്ജയ് സിങ്ങില്‍ നിന്ന് പണം പിടിച്ചെടുത്തിട്ടില്ലെന്നിരിക്കെ ഇനിയും അദ്ദേഹത്തെ കസ്റ്റഡിയില്‍ ആവശ്യമുണ്ടോയെന്ന് ഇഡിയോട് കോടതി ആരാഞ്ഞിരുന്നു. പ്രഥമദൃഷ്ട്യാ കുറ്റമൊന്നും ചെയ്തതായി കാണുന്നില്ലെന്നും ഇക്കാര്യം വിചാരണ വേളയിലാണ് തെളിയിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നതിനോട് ഇഡിയുടെ അഭിപ്രായം ആരാഞ്ഞത്.

സിംഗിന് ജാമ്യം അനുവദിക്കുന്നതിനോട് എതിർപ്പില്ലെന്ന് എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു. ആം ആദ്‌മി നേതാവ് സഞ്ജയ് സിംഗിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ഹാജരായി.തന്‍റെ കക്ഷി ആറ് മാസത്തിലേറെയായി ജയിലിലാണെന്നും സുപ്രീം കോടതിയെ അറിയിച്ചു.ഇതിനകം തന്നെ സഞ്ജയ് സിങ്ങ് ആറുമാസക്കാലം ജയിലില്‍ക്കഴിഞ്ഞെന്നും 2 കോടി കോഴ കൈപ്പറ്റിയെന്ന ആരോപണം വിചാരണ വേളയില്‍ പരിശോധിക്കാമെന്നും കോടതി ഇ ഡി അഭിഭാഷകനോട് പറഞ്ഞു.

മദ്യ നയ അഴിമതിക്കേസുമായി ബന്ധപ്പെട്ട വിഷയത്തിലോ കേസില്‍ തനിക്കുള്ള പങ്കിനെക്കുറിച്ചോ ഒരു പ്രതികരണവും നടത്തരുതെന്നും കോടതി സഞ്ജയ് സിങ്ങിന് നിര്‍ദേശം നല്‍കി. 2023 ഒക്ടോബര്‍ നാലിനാണ് മദ്യനയ അഴിമതിക്കേസില്‍ ഇഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവും ഉത്തര്‍പ്രദേശ് , ഒറീസ, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ചുമതലക്കാരനുമാണ് സഞ്ജയ് സിംങ്ങ്. 2018 മുതല്‍ രാജ്യ സഭാംഗമായിരുന്ന സഞ്ജയ് സിങ്ങ് കഴിഞ്ഞ വര്‍ഷം ജൂലൈ 24 ന് രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. ജയിലിലിരിക്കേ രാജ്യ സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ച സിങ്ങ് കോടതി അനുമതിയോടെ പാര്‍ലമെന്‍റിലെത്തി രാജ്യസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തിരുന്നു.

ALSO READ:മദ്യനയ അഴിമതിയിൽ കെ കവിതയ്ക്ക് താൽക്കാലിക ആശ്വാസം; മാർച്ച് 13 വരെ ചോദ്യം ചെയ്യരുതെന്ന് സുപ്രീം കോടതി

ABOUT THE AUTHOR

...view details