ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതി സമൻസ് അയച്ചു. കെജ്‌രിവാൾ ഫെബ്രുവരി 17 ന് ഹാജരാകണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി ആവശ്യപ്പെട്ടു. ഇതുവരെ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് അയച്ച 5 സമൻസുകൾ അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഇഡി നൽകിയ പരാതി പരിഗണിച്ചാണ് കോടതിയുടെ നടപടി (Delhi Court summons Arvind Kejriwal in alleged Money Laundering Case).
അതേസമയം കോടതി ഉത്തരവിനെ ബിജെപിയുടെ ഡൽഹി ഘടകം സ്വാഗതം ചെയ്‌തു. കേസന്വേഷണത്തിൽ നിന്ന് കെജ്‌രിവാൾ ഒളിച്ചോടുകയാണെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ആരോപിച്ചു. "മദ്യ കുംഭകോണം അദ്ദേഹത്തിൻ്റെ മൂക്കിന് താഴെയാണ് നടന്നത്, അദ്ദേഹത്തിൻ്റെ മുൻ ഉപമുഖ്യമന്ത്രിയും (മനീഷ് സിസോദിയ) പാർട്ടിയിലെ ഒരു എംപിയും (സഞ്ജയ് സിങ്) ജയിലിലാണ്. അദ്ദേഹത്തെ വിളിച്ചുവരുത്താനുള്ള കോടതി ഉത്തരവിനെ ഞാൻ സ്വാഗതം ചെയ്യുന്നു. പ്രതിക്ക് ഇനി അന്വേഷണം നേരിടണം." -സച്ച്‌ദേവ പറഞ്ഞു.
2021-ൽ ഡൽഹി സർക്കാർ പുറത്തിറക്കിയ എക്‌സൈസ് നയവുമായി ബന്ധപ്പെട്ടുയര്‍ന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി കെജ്‌രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ഇതിനോടകം ഇഡി അയച്ച അഞ്ച് സമൻസുകൾ കെജ്‌രിവാൾ തള്ളിയിരുന്നു. സമൻസുകൾ നിയമവിരുദ്ധവും രാഷ്‌ട്രീയ പ്രേരിതവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ സമൻസുകൾ നിരാകരിച്ചത്.