ഐപിഎൽ 2025 മെഗാ ലേലം ഞായറാഴ്‌ച സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കാനിരിക്കുകയാണ്. 1,165 ഇന്ത്യക്കാരും 409 വിദേശികളും ഉള്‍പ്പെടെ ആകെ 1,574 കളിക്കാരാണ് ലേലപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലേലത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ, ഇന്ത്യൻ ഓൾറൗണ്ടർ ദീപക് ഹൂഡയ്‌ക്ക് ബോളിങ്ങില്‍ വിലക്ക് വന്നേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താരത്തെ സംശയാസ്‌പദമായ ആക്ഷനുള്ള ബോളര്‍മാരുടെ പട്ടികയിൽ ബിസിസിഐ ഉൾപ്പെടുത്തിയതായി ക്രിക് ബസ്സാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഹൂഡയോടൊപ്പം സൗരഭ് ദുബെ, കെസി കരിയപ്പ എന്നിവരും പട്ടികയിലുണ്ട്. മനീഷ് പാണ്ഡെ, ശ്രീജിത്ത് കൃഷ്‌ണൻ എന്നിവരെ ബോളിങ്ങില്‍ നിന്ന് വിലക്കിയതായും പ്രസ്‌തുത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ താരമായിരുന്നു ദീപക് ഹൂഡ.
11 കളികളിൽ നിന്ന് 145 റൺസ് മാത്രം നേടിയ ഹൂഡയ്ക്ക് വിക്കറ്റ് ഒന്നും നേടാനായിരുന്നില്ല. പുതിയ സീസണിലേക്കായി ഫ്രാഞ്ചൈസി താരത്തെ നിലനിര്‍ത്തിയിരുന്നില്ല.
അന്താരാഷ്ട്ര മത്സരങ്ങളില്‍, ഇന്ത്യക്കായി 10 ഏകദിനങ്ങൾ കളിച്ച ഹൂഡ 153 റൺസും മൂന്ന് വിക്കറ്റും നേടിയിട്ടുണ്ട്. ടി20യിൽ 21 മത്സരങ്ങൾ കളിച്ച താരം ഒരു സെഞ്ചുറി ഉൾപ്പെടെ 368 റൺസും ആറ് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
2023 ഫെബ്രുവരിയിൽ ന്യൂസിലൻഡിനെതിരായ ടി20 മത്സരമായിരുന്നു ഹൂഡയുടെ അവസാന അന്താരാഷ്ട്ര മത്സരം. മത്സരത്തില്‍ ദീപക് ഹൂഡ 30 റൺസ് നേടി.
അതേസമയം ഐപിഎല്ലിന്‍റെ പുതിയ സീസൺ മാർച്ച് 14 മുതൽ മെയ് 25 വരെ നടക്കുമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ, ഇന്ത്യൻ വംശജനായ അമേരിക്കൻ പേസർ സൗരഭ് നേത്രവൽക്കർ, മുംബൈ-വിക്കറ്റ് കീപ്പർ-ബാറ്റർ ഹാർദിക് താമോർ എന്നിവരെ രണ്ട് ദിവസത്തെ മെഗാ ലേലത്തിൽ ഉൾപ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് സീസണുകളുടെ തീയതികൾ ഒരേസമയം പ്രഖ്യാപിക്കുമെന്നും ബോർഡ് അറിയിച്ചു. ടൂർണമെൻ്റിൻ്റെ 2026 പതിപ്പ് മാർച്ച് 15 ന് ആരംഭിക്കും. ഗ്രാൻഡ് ഫിനാലെ മെയ് 31 ന് ആണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. 2027 എഡിഷൻ വീണ്ടും മാർച്ച് 14-ന് ആരംഭിക്കും. മെയ് 30-ന് ഫൈനലും നടക്കും. മൂന്ന് ഫൈനലുകളും ഞായറാഴ്‌ചകളിലാണ് നടക്കുക.
Also Read: തീ പാറിയ ബൗളിങ്, ഓസീസിനെ വെള്ളം കുടിപ്പിച്ച് 'ബുംറ കൊടുങ്കാറ്റ്', ഏഴുവിക്കറ്റില്‍ 67