തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകള്‍ നടന്ന പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലും വയനാട് ലോക്‌സഭ മണ്ഡലത്തിലും ഇന്ന് വോട്ടെണ്ണും. ഉപതെരഞ്ഞെടുപ്പാണെങ്കിലും വാശിയേറിയ പോരാട്ടമായിരുന്നു വയനാട്ടിലും പാലക്കാട്ടും ചേലക്കരയിലും നടന്നത്. വിവിധ കാരണങ്ങളാല്‍ മുന്നണികള്‍ക്ക് അതീവ പ്രാധാന്യമുള്ളതാണ് ഈ തെരഞ്ഞെടുപ്പ്.
കന്നിയങ്കത്തില്‍, ജയിക്കുക എന്നതിനപ്പുറം സഹോദരന്‍ ഉയര്‍ത്തിയ കൂറ്റന്‍ ഭൂരിപക്ഷം നിലനിര്‍ത്തുക എന്ന സമ്മര്‍ദം പ്രിയങ്ക ഗാന്ധിക്കും കോണ്‍ഗ്രസിനുമുണ്ട്. സമീപ കാലങ്ങളിലായി ഉയര്‍ന്ന രാഷ്‌ട്രീയ ആരോപണങ്ങള്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി കൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഎം. തൃശൂര്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങുന്ന ബിജെപിക്ക്, കേരളം തങ്ങള്‍ക്കും വളക്കൂറുള്ള മണ്ണാണെന്ന് തെളിയിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ തവണത്തെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് പാലക്കാട്. സിപിഎം അന്ന് മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ പാലക്കാട്ടെ രാഷട്രീയ സാഹചര്യം തെരഞ്ഞെടുപ്പ് കാലത്ത് മാറിമറിയുന്ന കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസിനോട് ഇടഞ്ഞ് സിപിഎം ചേരിയില്‍ ചേര്‍ന്ന പി സരിനെ സ്ഥാനാര്‍ഥിത്വം കൊടുത്താണ് പാര്‍ട്ടി സ്വീകരിച്ചത്.
ബിജെപി പ്രചാരണം ശക്തമാക്കിക്കൊണ്ടിരിക്കെയാണ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. കാലങ്ങളായി ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് വാര്യര്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പുറത്തുകടന്നത്. പാലക്കാട്ട് കോണ്‍ഗ്രസിന് വേണ്ടി സജീവമായി പ്രചാരണത്തിറങ്ങുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരമെന്ന നിലയില്‍ ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ് വയനാട്. നവംബര്‍ 13ന് ആണ് വയനാട്ടിലും ചേലക്കരയിലും തെരഞ്ഞെടുപ്പ് നടന്നത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുകയായിരുന്നു. നവംബര്‍ 20 ന് ആണ് പാലക്കാട്ട് തെരഞ്ഞെടുപ്പ് നടന്നത്.
64.71 ശതമാനമായിരുന്നു വയനാട്ടില്‍ ഇത്തവണത്തെ പോളിങ്. രാഹുല്‍ ഗാന്ധി മത്സരിച്ച ഏപ്രില്‍ തെരഞ്ഞെടുപ്പില്‍ 72.52 ശതമാനമായിരുന്നു പോളിങ്.
ചേലക്കരയില്‍ ഇത്തവണ 72.77 ശതമാനമാണ് പോളിങ്. 2021ല്‍ ഇത് 77.45 ശതമാനമായിരുന്നു. പാലക്കാട്ടും ഇത്തവണ താരതമ്യേന കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്. 70.51 ശതമായിരുന്നു ഇത്തവണത്തെ പോളിങ്.
മഹാരാഷ്‌ട്രയിലും ജാര്‍ഖണ്ഡിലും ആര്...?
അസംബ്ലി തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്‌ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും. മഹാരാഷ്‌ട്രയിലെ 288 നിയമസഭ സീറ്റുകളിലേക്കാണ് നവംബർ 20-ന് തെരഞ്ഞെടുപ്പ് നടന്നത്. 66.05 ശതമാനമെന്ന റെക്കോഡ് പോളിങ്ങായിരുന്നു ഇത്തവണ രേഖപ്പെടുത്തിയത്.
ബിജെപി, ശിവസേന (ഷിന്‍ഡേ പക്ഷം), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാര്‍ പക്ഷം) എന്നിവരുടെ മഹായുതി സഖ്യവും കോൺഗ്രസും എൻസിപി (ശരദ് പവാര്‍ പക്ഷം) ശിവസേനയും (യുബിടി) ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യവും തമ്മിലാണ് മത്സരം.
അതേസമയം ജാര്‍ഖണ്ഡില്‍ ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യവും ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയുമാണ് പ്രധാന മത്സരാര്‍ഥികള്‍. 67.59 ശതമാനം പോളിങ്ങാണ് ജാര്‍ഖണ്ഡില്‍ രേഖപ്പെടുത്തിയത്.
Also Read: ജാര്‍ഖണ്ഡില്‍ സോറന്‍ V/S സോറന്‍; ആരാകും അടുത്ത മുഖ്യമന്ത്രി?
Also Read: മറാത്ത്‌വാഡയെ നയിക്കാന്‍ ആര്?; മുന്നണികളില്‍ ആശയക്കുഴപ്പമോ?, വോട്ടെണ്ണല്‍ നാളെ