ന്യൂഡല്‍ഹി :കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തന്‍റെ പാര്‍ട്ടി നേതാവിന്‍റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ED) നടത്തിയ റെയ്‌ഡില്‍ യാതൊന്നും കണ്ടെത്താനായില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേസുമായി ബന്ധപ്പെട്ട് രാജ്യസഭ എംപിയായ എന്‍ഡി ഗുപ്‌തയുടെ വസതിയിലാണ് ഇഡി റെയ്‌ഡ് നടത്തിയത്. 'പാര്‍ട്ടിയുടെ ട്രഷററായ എന്‍ഡി ഗുപ്‌തയുടെ വസതിയില്‍ ഇഡി നടത്തിയ റെയ്‌ഡില്‍ ഒന്നും കണ്ടെത്താനായില്ലെന്ന്' അരവിന്ദ് കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു (Delhi Chief Minister Arvind Kejriwal).
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി ബിഭായ് കുമാറിന്‍റെ വസതിയിലും മറ്റ് ആംആദ്‌മി പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. 10 ഇടങ്ങളിലാണ് ചൊവ്വാഴ്‌ച (ഫെബ്രുവരി 6) പരിശോധന നടന്നത്. ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ ഏജന്‍സി അയച്ച അഞ്ചാമത്തെ സമന്‍സിന് അരവിന്ദ് കെജ്‌രിവാള്‍ മറുപടി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കങ്ങള്‍ (Delhi CM Money Laundering Case).
കേസില്‍ ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷിക്കെതിരെയും ഇഡി നടപടിയുണ്ട്. കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സി ഓഡിയോ ക്ലിപ്പുകള്‍ ഇല്ലാതാക്കിയെന്ന് ആരോപണത്തെ തുടര്‍ന്നാണ് മന്ത്രി അതിഷിക്കെതിരെ നടപടി. ഓഡിയോ ക്ലിപ്പുകള്‍ ഇല്ലാതാക്കിയത് പൂര്‍ണമായും തെറ്റും ദുരുദ്ദേശ്യപരവുമാണെന്ന് ഇഡി പറയുന്നു (Case Against Delhi CM Arvind Kejriwal).
പ്രതികരണവുമായി മന്ത്രി:അതേസമയം താന്‍ ഒരു ഓഡിയോ ക്ലിപ്പുകളും ഇല്ലാതാക്കിയിട്ടില്ലെന്ന് മന്ത്രി അതിഷി പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് പ്രതികരണം. കഴിഞ്ഞ രണ്ട് വര്‍ഷമായി എഎപി നേതാക്കളെ നിരന്തരമായി ഭീഷണിപ്പെടുത്തുകയാണ്.
മദ്യ കുംഭ കോണ കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി എഎപി നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്‌ഡ് നടത്തുകയും അവര്‍ക്കെതിരെ കേസ് എടുക്കുകയുമാണ്. രണ്ട് വര്‍ഷത്തിനിടെ 100 കണക്കിന് റെയ്‌ഡുകളാണ് ഇഡി നടത്തിയത്. എന്നാല്‍ അതില്‍ ഒരു രൂപ പോലും കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ല. ആംആദ്‌മി പാര്‍ട്ടി നേതാക്കളെ ബിജെപി വേട്ടയാടുകയാണ്. അതിന് ഉദാഹരണമാണ് ഈ കേസും ഇഡി അന്വേഷണവുമെന്നും മന്ത്രി അതിഷി കൂട്ടിച്ചേര്‍ത്തു (Delhi Public Works Department Minister Atishi).