ന്യൂഡല്‍ഹി: മാർച്ച് നടത്തിയ കർഷകരെ കസ്റ്റഡിയിലെടുത്ത് ഹരിയാന പൊലീസ്. പ്രതിഷേധക്കാര്‍ ട്രാക്‌ടറുകളും കൈ ആയുധങ്ങളും ഉപയോഗിച്ച് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.
അതിർത്തിയുടെ പല ഭാഗങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പഞ്ചാബിൽ നിന്ന് വരുന്ന കർഷകരെ സ്വാഗതം ചെയ്യുന്നെന്നും എന്നാൽ അവർ ട്രാക്‌ടറിൽ യാത്ര ചെയ്‌താൽ അത് ജനങ്ങൾക്ക് പ്രശ്‌നമുണ്ടാക്കും. അവർക്ക് ബസിലോ ട്രെയിനിലോ കാൽനടയായോ യാത്ര ചെയ്യാം. ട്രാക്‌ടറിൽ വന്നാൽ അനുവദിക്കില്ല. സെക്ഷൻ 144 ചുമത്തിയിട്ടുള്ളതായും പ്രതിഷേധത്തെക്കുറിച്ച് സംസാരിച്ച അംബാല റേഞ്ച് ഐജി സിബാഷ് കബിരാജ് പറഞ്ഞു.
കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാൻ സമയത്തിന്‍റെയും ആലോചനയുടെയും ആവശ്യകതയെക്കുറിച്ച് കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു. കർഷക സമൂഹം ഉന്നയിക്കുന്ന ആശങ്കകളും താൽപ്പര്യങ്ങളും ശ്രദ്ധിക്കുന്നതായും ചർച്ചകൾക്ക് തയ്യാറാണെന്നും പരിഹാരം കാണാൻ സാധ്യമായതെല്ലാം ചെയ്യാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകർ 12 ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. അതിനായാണ് ദില്ലിയിലേക്ക് മാർച്ച് ചെയ്യുന്നത്. കർഷക യൂണിയൻ നേതാക്കളായ ജഗ്‌ജീത് സിങ് ദല്ലേവാളിന്‍റെയും സർവാൻ സിങ് പന്ദേറിന്‍റെയും നേതൃത്വത്തിൽ സംയുക്ത് കിസാൻ മോർച്ചയും പഞ്ചാബ് കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റിയുമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഒപ്പം ഇരുന്നൂറോളം സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
താങ്ങുവില, വിള ഇൻഷുറന്‍സ് തുടങ്ങിയവ ലഭ്യമാക്കുക, ലഖിംപൂര്‍ കേസിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുക, കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന കേസുകള്‍ റദ്ദ് ചെയ്യുക, സമ്പൂർണ കടം എഴുതിത്തള്ളലും കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ നൽകുന്ന പദ്ധതിയും നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സംഘടനകള്‍ സംയുക്തമായി രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്.
കൂടാതെ 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം വീണ്ടും കൊണ്ടുവരാനും ആവശ്യപ്പെടുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, 2005 പ്രകാരം പ്രതിവർഷം 200 ദിവസത്തെ തൊഴിലും 700 രൂപ ദിവസക്കൂലിയും നൽകണമെന്ന അഭ്യർത്ഥനയും കർഷകർ ഉന്നയിച്ചിട്ടുണ്ട്.