ന്യൂഡല്‍ഹി :തലസ്ഥാനത്ത് വായുഗുണനിലവാര സൂചിക 400 കടന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പൂജ്യം മുതല്‍ 100 വരെയുള്ള സൂചികയാണ് നല്ല വായുവായി കണക്കാക്കുന്നത് (Delhi Air quality depreciates). 100നും 200മിടയിലുള്ള സൂചിക താരതമ്യേന മെച്ചം എന്ന ഗണത്തില്‍പ്പെടുന്നു. 200നും മുന്നൂറിനുമിടയില്‍ മോശവും മുന്നൂറിനും നാനൂറിനുമിടയിലായാല്‍ വളരെ മോശവും നാനൂറിനും അഞ്ഞൂറിനുമിടയിലാകുമ്പോള്‍ ഗുരുതര മലിനീകരണം എന്ന വിഭാഗത്തിലുമാണ് പെടുന്നത്.
ഗുണനിലവാര സൂചിക നാനൂറ് കടന്നതോടെ സ്ഥിതിഗതികള്‍ ഗൗരവമായി നിരീക്ഷിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ഒരുദിവസം നിരീക്ഷിച്ച ശേഷം കാര്യങ്ങള്‍ മെച്ചപ്പെടുന്നില്ലെങ്കില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സ്റ്റേജ് 3യില്‍ വരുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ദേശീയ തലസ്ഥാനത്തെ ഗ്രേഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ എന്നാണ് ഇതിന് പേര് നല്‍കിയിട്ടുള്ളത്. അതേസമയം സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്(Delhi air quality index breaches 400 mark).
വായുഗുണനിലവാര മാനേജ്മെന്‍റ് കമ്മീഷന്‍റെ ഉപസമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അതേസമയം ഗ്രേഡ് ഒന്നും രണ്ടും അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരും. സ്റ്റേജ് 3 നിയന്ത്രണങ്ങള്‍ നിലവില്‍ വന്നാല്‍ അത്യാവശ്യമില്ലാത്ത നിര്‍മ്മാണപ്രവൃത്തികളടക്കം നിരോധിക്കും. ഡല്‍ഹി ദേശീയ തലസ്ഥാനമേഖലയില്‍ ബിഎസ്3 പെട്രോള്‍ വാഹനങ്ങള്‍ക്കും ബിഎസ്4 ഡീസല്‍, നാലുചക്ര വാഹനങ്ങള്‍ക്കും നിരോധനം ഉണ്ടാകും(Govt holds off stricter curbs).