റാഞ്ചി: കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ കേസിൽ രാഹുൽ ഗാന്ധി റാഞ്ചി എംപിഎംഎൽഎ കോടതിയിൽ ഹാജരായില്ല. കോടതി അയച്ച സമൻസിന് രാഹുൽ ഗാന്ധി ഇതുവരെ മറുപടി അയയ്ക്കാത്തതിനെ തുടർന്ന് കേസിൽ വാദം കേൾക്കുന്നത് ജൂലൈ 6 ലേക്ക് മാറ്റി.
2018ൽ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പ്രസ്‌താവനകൾ നടത്തിയതായാണ് കേസ്. നവീൻ ഝായാണ് ഹർജിക്കാരൻ. കോടതി അയച്ച സമൻസിനുള്ള മറുപടി രാഹുൽ ഗാന്ധിയിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഹർജിക്കാരനായ നവീൻ ഝായ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിനോദ് സാഹു പറഞ്ഞു.
രാഹുൽ ജൂലൈ ആറിന് ഹാജരായില്ലെങ്കിൽ കോടതി തുടർനടപടികൾ സ്വീകരിക്കും. കേസിൽ ഇളവ് ലഭിക്കാൻ രാഹുൽ ഗാന്ധി ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതി കേസ് സിവിൽ കോടതിയിലേക്ക് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ എംപിഎംഎൽഎ കോടതി ഉത്തരവിട്ടത്.
മെയ് 21ന് കോടതിയിൽ നടന്ന വാദത്തിനിടെ ഇന്ന് (ജൂൺ 11)ന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് എംപിഎംഎൽഎ കോടതി നിർദേശിച്ചിരുന്നു. എന്നാൽ രാഹുൽ ഹാജരായില്ല. ചായ്‌ബാസയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവീന്‍ പരാതി നല്‍കിയത്.
Also Read: '40 ശതമാനം കമ്മിഷന്‍ സര്‍ക്കാര്‍': അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം