ന്യൂഡൽഹി:ഓരോ ജനുവരി 30 ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് ധീരമായ ഓര്‍മയുടെ ദിനമാണ്. സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മഹാത്മാഗാന്ധി നടത്തിയ ത്യാഗത്തെ അനുസ്‌മരിച്ച് കൊണ്ട് അദ്ദേഹത്തിന്‍റെ 77ാം രക്തസാക്ഷിദിനം ആചരിക്കുകയാണ് രാജ്യം.
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ പ്രതീക്ഷയും സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കാന്‍ ആജീവനാന്തം പോരാടിയ വ്യക്തിയാണ് അദ്ദേഹം. സത്യത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ച് ജീവിതം അതിനായി സമര്‍പ്പിച്ച മഹാത്മാവിന്‍റെ ആശയങ്ങള്‍ ലോകത്തിന് എന്നും മാതൃകയാണ്.
അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകശ്രദ്ധ നേടിയ വ്യക്തിയാണ് ഗാന്ധിജി. കേവലമൊരു രാഷ്‌ട്രീയ നേതാവ് എന്നതിനേക്കാള്‍ ദാര്‍ശനികനായും അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചിരുന്നു.
ലോകത്ത് ഇന്ന് പലഭാഗങ്ങളിലും സംഘര്‍ഷവും യുദ്ധസാഹചര്യവും തുടരുമ്പോള്‍ മഹാത്മാ ഗാന്ധി തത്വങ്ങളുടെ പ്രസക്തി ഏറെയാണ്. ഒരാളേപോലും ഉപദ്രവിക്കരുതെന്ന ചിന്ത മാനവരാശിക്ക് അനിവാര്യമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്താണ് അഹിംസ?
മഹാത്മാഗാന്ധിയുടെ സത്യാഗ്രഹത്തിന്‍റെയും അഹിംസയുടെയും, പ്രതിരോധത്തിന്‍റെയും തത്ത്വചിന്ത ആധുനിക ചരിത്രത്തിലെ ഏറ്റവും ശക്തമായ മാറ്റത്തിന്‍റെ ശക്തികളിൽ ഒന്നാണ്. ബ്രിട്ടീഷ് ഭരണത്തെ അദ്ദേഹം നേരിട്ടത് അഹിംസാത്മക പ്രതിഷേധത്തിലൂടെയും ഉപവാസത്തിലൂടെയുമായിരുന്നു. ചിന്ത കൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒന്നിനേയും വേദനിപ്പിക്കാതിരിക്കുക എന്നതാണ് അഹിംസയുടെ അടിസ്ഥാനം.