ചെന്നൈ :തമിഴ്‌നാട് തിരുവണ്ണാമലയില്‍ കണ്ണീര്‍ പെയ്‌ത്ത്. ഉരുള്‍പൊട്ടലില്‍ മരിച്ച ഏഴ് പേരുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുകയാണ് ഒരു നാടുമുഴുവന്‍. രാജ്‌കുമാർ, ഭാര്യ മീന, അവരുടെ രണ്ട് കുട്ടികൾ, മീനയുടെ സഹോദരന്‍റെ മൂന്ന് കുട്ടികൾ എന്നിവര്‍ക്കാണ് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്‌ടപ്പെട്ടത്.
അതിശക്തമായ മഴയോട് മല്ലിട്ട് 24 മണിക്കൂർ നീണ്ട രക്ഷാപ്രവര്‍ത്തനം. ഒടുവില്‍ ഏഴുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. അണ്ണാമലയാർ കുന്നിന്‍റെ ചരിവിലുള്ള വീടിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 30 ഓളം ഉദ്യോഗസ്ഥരാണ് ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫെന്‍ജല്‍ ചുഴലിക്കാറ്റിന്‍റെ സ്വാധീനം തമിഴ്‌നാടിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യാന്‍ കാരണമായിട്ടുണ്ട്. നീലഗിരി ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഏഴ് ജീവനെടുത്ത ഉരുള്‍ :ഫെന്‍ജല്‍ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഡിസംബർ 1 ഞായറാഴ്‌ച വൈകിട്ട് 4.30 ഓടെ മണ്ണിടിച്ചിലുണ്ടായെന്ന് പൊലീസ് പറഞ്ഞു. 'കുന്നിന്‍ ചരിവുകളിൽ ഉണ്ടായിരുന്ന കുടിലുകള്‍ക്ക് മുകളില്‍ ഒരു വലിയ പാറ വീണിട്ടുണ്ട്. മഴ കനത്തുപെയ്യുകയാണ്, രക്ഷാപ്രവർത്തനം നടക്കുന്നു' -രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.