ഭുവനേശ്വര്‍:കഴിഞ്ഞ അര്‍ദ്ധരാത്രിയോടെ കരതൊട്ട ദന ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുഖ്യമന്ത്രി മോഹന്‍മാജിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. 110 കിലോമീറ്റര്‍ വേഗത്തിലാണ് ദന കരയിലെത്തിയത്. നാശനഷ്‌ടങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.
ഒരൊറ്റ ജീവന്‍ പോലും ചുഴലിക്കാറ്റില്‍ പൊലിയാതിരിക്കാന്‍ നടത്തിയ ശ്രമം ഫലം കണ്ടുവെന്ന് മാജി പറഞ്ഞു. രക്ഷാ-പുനഃസ്ഥാപന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. വൈകിട്ടോടെ കാര്യങ്ങള്‍ പഴയ പടിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലെത്തിക്കഴിഞ്ഞുവെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ദേശീയ ദുരന്തനിവാരണസേന, സംസ്ഥാന ദുരന്തനിവാരണ സേന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംയുക്തമായ പ്രവര്‍ത്തനങ്ങളാണ് ചുഴലിക്കാറ്റിന്‍റെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാശനഷ്‌ടങ്ങള്‍ കണക്കാക്കാന്‍ ജില്ലാ കളക്‌ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാതകളിലേക്ക് കടപുഴകി വീണ മരങ്ങളും വൈദ്യുത തൂണുകളും മറ്റും നീക്കം ചെയ്യാനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനും ശ്രമം തുടങ്ങിക്കഴിഞ്ഞു. വൈകുന്നേരത്തോടെ ഇവ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെള്ളിയാഴ്‌ച രാവിലെ മുതല്‍ തന്നെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. ഭരണതലത്തിലെ ഉദ്യോഗസ്ഥരും ഡോക്‌ടര്‍മാരും അഗ്നിശമന സേനാംഗങ്ങളുമടക്കമുള്ള അടിയന്തര ജീവനക്കാരുടെ ഇടപെടലിനെയും അവരുടെ ആത്മാര്‍പ്പണത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഒരു വൃദ്ധയെ കേന്ദ്രപാറയിലെ തല്‍ചുവ ഗ്രാമത്തില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ച ആശ പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. ചുഴലിക്കാറ്റ് വേളയില്‍ 1600 കുഞ്ഞുങ്ങള്‍ സുരക്ഷിതമായി ജനിച്ചു. അമ്മമാരും കുട്ടികളും സുഖമായി ഇരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് 4,421 ഗര്‍ഭിണികളെ ആശുപത്രികളിലേക്ക് മാറ്റി.