വഡോദര (ഗുജറാത്ത്) : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബഹരംപൂരിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് (ടിഎംസി) ലോക്‌സഭ എംപിയുമായ യൂസഫ് പഠാന് നോട്ടിസ് അയച്ച് വഡോദര മുനിസിപ്പൽ കോർപ്പറേഷൻ (വിഎംസി). ബിജെപി ഭരിക്കുന്ന വഡോദര മുനിസിപ്പൽ കോർപ്പറേഷൻ വകയുള്ള ഭൂമി യൂസഫ് പഠാൻ കയ്യേറിയെന്നാരോപിച്ചാണ് നോട്ടിസ്.
ജൂൺ 6 നാണ് യൂസഫ് പഠാന് മുനിസിപ്പൽ കോർപ്പറേഷൻ നോട്ടിസ് നൽകിയത്. ഭൂമി കയ്യേറിയ വിഷയം കോര്‍പ്പറേഷന്‍ മുൻ ബിജെപി അംഗമായ വിജയ് പവാർ ഉയർത്തിക്കാട്ടിയതിനെ തുടർന്നാണ് നോട്ടിസ് നല്‍കിയതെന്ന് വിഎംസി സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശീതൾ മിസ്‌ത്രി വ്യാഴാഴ്‌ച (ജൂൺ 13) മാധ്യമങ്ങളോട് പറഞ്ഞു.
2012 ൽ യൂസഫ് പഠാന് പ്ലോട്ട് വിൽക്കാനുള്ള വിഎംസിയുടെ നിർദേശം സംസ്ഥാന സർക്കാർ നിരസിച്ചിരുന്നു. എന്നാൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപി കോമ്പൗണ്ട് മതിൽ നിർമിച്ച് പ്ലോട്ട് കയ്യേറുകയായിരുന്നെന്ന് വിജയ് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്ക് യൂസഫ് പഠാനോട് യാതൊരു വിരോധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ടിപി 22 ന് കീഴിലുള്ള തനാഡാൽജ ഏരിയയിലെ ഒരു പ്ലോട്ട് വിഎംസിയുടെ ഉടമസ്ഥതയിലുള്ള ഒരു റെസിഡൻഷ്യൽ പ്ലോട്ടാണ്. 2012 ൽ പഠാൻ വിഎംസിയോട് ഈ സ്ഥലം ആവശ്യപ്പെട്ടിരുന്നു. അക്കാലത്ത് നിർമാണത്തിലിരുന്ന അദ്ദേഹത്തിന്‍റെ വീട് ആ പ്ലോട്ടിനോട് ചേർന്നായിരുന്നു. ഒരു ചതുരശ്ര മീറ്ററിന് ഏകദേശം 57,000 രൂപ അദ്ദേഹം വാഗ്‌ദാനം ചെയ്‌തിരുന്നു,' -വിജയ് പവാർ മാധ്യമങ്ങളോട് പറഞ്ഞു.
ഈ നിർദ്ദേശം അന്ന് വിഎംസി അംഗീകരിക്കുകയും ജനറൽ ബോർഡി മീറ്റിങ്ങിൽ ഇത് പാസാക്കുകയും ചെയ്‌തു. എന്നാൽ, ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ അധികാരമുള്ള സംസ്ഥാന സർക്കാർ അതിന് അനുമതി നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'യൂസഫ് പഠാന്‍റെ നിർദേശം നിരസിച്ചെങ്കിലും, വിഎംസി പ്ലോട്ടിന് ചുറ്റും വേലി കെട്ടിയിരുന്നില്ല. അപ്പോഴാണ് യൂസഫ് പഠാൻ പ്ലോട്ടിന് ചുറ്റും കോമ്പൗണ്ട് ഭിത്തി നിർമിച്ച് ഭൂമി കയ്യേറിയതായി തനിക്ക് മനസിലായതെന്ന് വിജയ് പവാർ വ്യക്തമാക്കി. അതിനാൽ, ഇതിനെതിരെ അന്വേഷണം വേണമെന്ന് മുനിസിപ്പൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടു' എന്നും വിജയ് പവാർ സൂചിപ്പിച്ചു.
യൂസഫ് പഠാന് 978 ചതുരശ്ര മീറ്റർ പ്ലോട്ട് വിൽക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകാത്തതിനെ തുടർന്നുണ്ടായ സംഭവങ്ങളെ കുറിച്ച് ശീതൾ മിസ്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല കയ്യേറ്റം ആരോപിച്ച് യൂസഫ് പഠാന് നോട്ടിസ് നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
'അടുത്തിടെ, യൂസഫ് പഠാൻ ഒരു മതിൽ നിർമിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. അതിനാൽ, ജൂൺ 6 ന് ഞങ്ങൾ അദ്ദേഹത്തിന് നോട്ടിസ് നൽകുകയും എല്ലാ കയ്യേറിയ ഭൂമി തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്‌തതായി ശീതൾ മിസ്ത്രി പറഞ്ഞു. ഞങ്ങൾ രണ്ടാഴ്‌ചയോളം കാത്തിരിക്കും, അതിനുശേഷം ഞങ്ങൾ തുടർനടപടികൾ തീരുമാനിക്കും. ഈ ഭൂമി വിഎംസിയുടെതാണ്, ഞങ്ങൾ അത് തിരികെ അവകാശപ്പെടും,' -ശീതൾ മിസ്ത്രി വ്യക്തമാക്കി.
ALSO READ :അധീര്‍ രഞ്ജന്‍റെ കുറ്റിയിളക്കിയ മമതയുടെ സൂപ്പര്‍ യോര്‍ക്കര്‍; രാഷ്‌ട്രീയ അരങ്ങേറ്റവും ഗംഭീരമാക്കി യൂസഫ് പഠാന്‍