കേരളം

kerala

ETV Bharat / bharat

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ആസിഡ് ആക്രമണം; പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു - ആസിഡ് ആക്രമണം

2022 ലാണ് വിവാഹാഭ്യർത്ഥന നിരസിച്ച 24 കാരിയുടെ ദേഹത്ത് പ്രതി ആസിഡ് ഒഴിച്ചത്.

acid attack  court  life imprisonmnet  ആസിഡ് ആക്രമണം  ജീവപര്യന്തം
acid attack,life imprisonment and 40 lakh rupees fine to guilty

By ETV Bharat Kerala Team

Published : Mar 6, 2024, 4:34 PM IST

ശ്രീനഗർ :2022ല്‍ ശ്രീനഗറില്‍ നടന്ന ആസിഡ് ആക്രമണക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ജമ്മു കശ്മീരിലെ ശ്രീനഗർ കോടതി.കേസിലെ മുഖ്യപ്രതി സാജിദ് അൽതാഫ് ഷെയ്ഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷമാണ് ശ്രീനഗർ പ്രിൻസിപ്പൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി ജഡ്‌ജി ജവാദ് അഹമ്മദ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ 40 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആക്രമണം ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.കേസിലെ മറ്റൊരു പ്രതി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ വിചാരണ നേരിടുകയാണ്. കേസിലെ മൂന്നാം പ്രതി മുഹമ്മദ് സലീം കുമാറിനെ കോടതി വെറുതെ വിട്ടു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 34 (പൊതുവായ ഉദ്ദേശത്തോടെ ഒന്നിലധികം പേര്‍ ചെയ്യുന്ന കുറ്റകരമായ പ്രവര്‍ത്തി) 326-എ (ആസിഡ് ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍) എന്നിവ ചുമത്തിയാണ് ജീവപര്യന്തം തടവിന് വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം പ്രതിയുടെ സ്വത്തില്‍ നിന്ന് ഈടാക്കണമെന്നും കോടതി വിധിച്ചു.

2022 ഫെബ്രുവരി 1ന് ആണ് വിവാഹാഭ്യർത്ഥന നിരസിച്ച 24 കാരിയുടെ ദേഹത്ത് പ്രതി ആസിഡ് ഒഴിച്ചത്. 23 ശസ്‌ത്രക്രിയകൾക്ക് വിധേയയായ പെൺകുട്ടിക്ക് 48 ലക്ഷം രൂപ ചികിത്സാ ചിലവായെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇരയുടെ ഒരു കണ്ണിന്‍റെ കാഴ്‌ച ശക്തി ഭാഗികമായും മറ്റേ കണ്ണിന്‍റെ കാഴ്‌ച പൂർണ്ണമായും നഷ്‌ടപ്പെട്ടു. ചികിത്സ തുടരേണ്ടതിനാല്‍ ചിലവ് വര്‍ദ്ധിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

ഇരയ്ക്ക് സർക്കാരിൽ നിന്ന് നഷ്‌ടപരിഹാരമായി ലഭിച്ചത് ഒരു ലക്ഷം രൂപ മാത്രമാണ്. മൂന്ന് ലക്ഷം രൂപ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡിഎൽഎസ്എ) നല്‍കി. ചികിത്സാ ചെലവുകൾക്കായി അതിജീവിതയുടെ അമ്മയ്ക്ക് മാതാപിതാക്കളുടെ സ്വത്ത് പോലും വിൽക്കേണ്ടി വന്നു. കുറ്റവാളിയോടുള്ള സൗമ്യത ഇരയ്ക്ക് ഭീഷണിയായേക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.

കോടതി വിധി വികാരങ്ങളെ അടിസ്ഥാനമാക്കിയോ സാമൂഹിക സന്ദേശങ്ങൾ നല്‍കുന്നതിനോ ആകരുതെന്ന് പ്രതിഭാഗം വാദിച്ചു.പ്രതി സ്ഥിരം കുറ്റവാളിയല്ലെന്നും ആക്രമണത്തിന്‍റെ ഗൗരവം മനസിലാക്കിയ പ്രതി ഇരയ്ക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ തയ്യാറാണെന്നും പ്രതി ഭാഗം അറിയിച്ചു.

ഐപിസി 326-എ, 120-ബി എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റത്തിന് ശ്രീനഗർ ബുച്ച്വാര (ഡാൽഗേറ്റ്) സ്വദേശി സാജിദ് അൽത്താഫ് ഷെയ്ഖ് കുറ്റക്കാരനാണെന്ന് തിങ്കളാഴ്‌ച കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇന്നാണ്(06-03-2024) ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ABOUT THE AUTHOR

...view details