കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് കോപ്പുകൂട്ടുന്നു, ബിജെപിയെ നേരിടാന്‍ അതിശക്ത തന്ത്രങ്ങള്‍

സഖ്യകക്ഷികള്‍ക്ക് വേണ്ടി സീറ്റുകളില്‍ വിട്ടുവീഴ്‌ചയ്ക്ക് കോണ്‍ഗ്രസ് തയാറാകുമെന്ന് സൂചന.

By ETV Bharat Kerala Team

Published : 5 hours ago

Congress Tweaks polls Strategy  INDIA BLOC  Congress  Bjp
Representational image (Getty Images)

ന്യൂഡല്‍ഹി : മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകാനൊരുങ്ങുവെ ബിജെപിയെ നേരിടാന്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. സഖ്യകക്ഷികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതിനാല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്‌ചയ്ക്ക് തയാറാകുമെന്നാണ് സൂചന.

ഹരിയാനയിലും ജമ്മുകശ്‌മീരിലും തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതെന്നാണ് സൂചന. കാവി പാര്‍ട്ടിയെ നേരിടാന്‍ സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കുക എന്നതാണ് കോണ്‍ഗ്രസ് സ്വീകരിക്കാന്‍ പോകുന്ന പുതിയ തന്ത്രം.

288 സീറ്റുകളില്‍ 125 സീറ്റുകള്‍ തങ്ങള്‍ക്ക് എന്നതായിരുന്നു നേരത്തെ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്ന നിലപാട്. ഇപ്പോഴിത് 105 മുതല്‍ 110 വരെ എന്ന നിലയിലേക്ക് കോണ്‍ഗ്രസ് എത്തിയിട്ടുണ്ട്. ശിവസേന യുബിടി, എന്‍സിപി-എസ്‌പി, എസ്‌പി എന്നിവരുമായുള്ള സീറ്റ് പങ്കിടല്‍ കരാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. നാല് സീറ്റുകള്‍ എന്ന ആവശ്യവുമായി രംഗത്തുള്ള എസ്‌പിയെ മാത്രമല്ല ശിവസേന യുബിടി, എന്‍സിപി-എസ്‌പി എന്നിവരെയും ഉള്‍ക്കൊള്ളാനാണ് ശ്രമം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ജാര്‍ഖണ്ഡിലും കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്ന 81ല്‍ 33 സീറ്റെന്നതില്‍ നിന്ന് പിന്നാക്കം പോയിട്ടുണ്ട്. ഇപ്പോള്‍ 29 സീറ്റുകള്‍ എന്നതാണ് ആവശ്യം. 2019ല്‍ കോണ്‍ഗ്രസ് 31സീറ്റുകളില്‍ മത്സരിച്ചിരുന്നു.

ധാരണപ്രകാരം ജെഎംഎം 2019ല്‍ മത്സരിച്ച 43 സീറ്റുകളിലും ഇക്കുറി മത്സരിക്കും. ആര്‍ജെഡി അഞ്ച് സീറ്റിലാകും മത്സരിക്കുക. 2019ല്‍ ഇവര്‍ക്ക് ഏഴ് സീറ്റുകള്‍ നല്‍കിയിരുന്നു. പുതുതായി സഖ്യത്തിലെത്തിയ സിപിഐ എംഎല്ലിന് നാല് സീറ്റുകള്‍ നല്‍കും.

അതേസമയം ജെഎംഎം പുതുതായി രണ്ട് സീറ്റുകള്‍ക്ക് കൂടി ആവശ്യമുന്നയിച്ച് രംഗത്തെത്തിയത് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. പുതുതായി ഭരണകക്ഷിയിലേക്ക് ചേക്കേറിയ മുന്‍ ബിജെപി എംഎല്‍എ കേദാര്‍ ഹസ്‌ര, മുന്‍ എജെഎസ്‌യു എംഎല്‍എ ചന്ദന്‍ കിയാരി എന്നിവര്‍ക്കായാണ് സീറ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെത്തുന്ന ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനുമായി സീറ്റ് പങ്കിടല്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സിപിഐഎംഎല്‍ നേതാക്കളായ അരുപ് ചാറ്റര്‍ജി, ബബ്‌ലു മഹാതോ എന്നിവരുമായി സഖ്യത്തെ സംബന്ധിച്ച് സോറന്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സീറ്റ് പങ്കിടലിന് മുമ്പ് സഖ്യം തങ്ങളുടെ സഖ്യസര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭരണസഖ്യം നടത്തുന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. ബിജെപി തങ്ങളുടെ ഗോത്രവര്‍ഗ അഭിമാനത്തെയും ഭരണസഖ്യത്തെയും അസ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്. എന്നാല്‍ നാം ഒന്നിച്ച് നില്‍ക്കുമെന്നും ജാര്‍ഖണ്ഡിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സപ്‌തഗിരി ഉലക ഇടിവി ഭാരതിനോട് പറഞ്ഞു.

എഐസിസി നേതാവ് രമേശ് ചെന്നിത്തല മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി സീറ്റ് പങ്കിടല്‍ ഫോര്‍മുല സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ തലസ്ഥാനമായ മുംബൈയിലെ ചില സീറ്റുകളിലും വിദര്‍ഭ മേഖലയില്‍ കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളായ ചില സീറ്റുകളിലും തട്ടി ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല.

നാളെ കോണ്‍ഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. അറുപത് സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ യോഗം അന്തിമ തീരുമാനമെടുക്കും. ആദ്യ സ്ഥാനാര്‍ഥി പട്ടികയും നാളെത്തന്നെ പ്രസിദ്ധീകരിക്കുമെന്നും മഹാരാഷ്‌ട്രയുടെ ചുമതലയുള്ള ബി എം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു.

സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ പുരോഗമിക്കുകയാണ്. ദിവസങ്ങള്‍ക്കകം പ്രഖ്യാപനമുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിന് ശേഷം സംസ്ഥാന വ്യാപക സംയുക്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കും. കോണ്‍ഗ്രസ് വിദര്‍ഭയിലും മറാത്ത്‌വാഡ മേഖലയിലും അതിശക്തമാണ്. ഇവിടെ നല്ല രീതിയില്‍ സീറ്റുകള്‍ നേടാനാകും. ഓരോ മേഖലയിലെയും ഇന്ത്യ സഖ്യ കക്ഷികളുടെ സ്വാധീനം ഉപയോഗപ്പെടുത്തുക എന്നതിലാണ് ഊന്നല്‍ നല്‍കുന്നത്. ഒന്നിച്ച് നിന്ന് ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

Also Read:പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണം ഈ മാസം 23ന്; രാഹുൽ ഗാന്ധിയും എത്തും

ABOUT THE AUTHOR

...view details