മുംബൈ:മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. കോണ്‍ഗ്രസിന്‍റെ തോല്‍വിയില്‍ ഗൂഢാലോചന ആരോപിച്ച അദ്ദേഹം മഹാരാഷ്‌ട്രയിലെ ജനവിധി വിചിത്രമാണെന്നും അഭിപ്രായപ്പെട്ടു. ബിജെപി നേതൃത്വത്തിലുള്ള മഹായുതി മഹാരാഷ്‌ട്രയില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം.
'ഈ ജനവിധി പാര്‍ട്ടി തീര്‍ച്ചയായും വിശകലനം ചെയ്യും. തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ പോലും ഒരുപക്ഷെ ഇത്തരത്തിലൊരു ഫലം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. മഹാരാഷ്‌ട്രയിലെ കാറ്റ് ഞങ്ങള്‍ക്ക് അനുകൂലമാകുമെന്നായിരുന്നു പ്രതീക്ഷ.
ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തെ അന്തരീക്ഷം തന്നെയാണ് ഇവിടെ ഇപ്പോഴും. കര്‍ഷകരും തൊഴിലാളിവര്‍ഗവും മഹാരാഷ്‌ട്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ക്ക് എതിരാണ്. എന്നാല്‍, ഇതിനെല്ലാം നേര്‍വിപരീതമായിട്ടാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഈ തിരിച്ചടി കൊണ്ട് ജാതി സെൻസസ് ഉള്‍പ്പടെയുള്ള അജണ്ടകളില്‍ നിന്നും ഞങ്ങള്‍ പിന്നോട്ട് പോകില്ല. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താൻ ഗൂഢാലോചന നടന്നിട്ടുണ്ട്. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് ഫലത്തെ വിചിത്രം എന്ന വാക്കുകൊണ്ട് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കൂ'-ജയ്‌റാം രമേശ് വ്യക്തമാക്കി.
മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് ചുമതല വഹിച്ച രമേശ് ചെന്നിത്തലയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ജനവികാരവുമായി പൊരുത്തപ്പെടാത്ത ഫലമാണ് മഹാരാഷ്‌ട്രയില്‍ നിന്നും വന്നത്. ഈ ഫലത്തെ അംഗീകരിക്കാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
Read More :'മഹാരാഷ്‌ട്രയിലെ തോല്‍വി അവിശ്വസനീയം'; തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല
288 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മഹായുതി 235 സീറ്റും മഹാവികാസ് അഘാഡി 49 സീറ്റുമാണ് നേടിയത്. മഹാരാഷ്‌ട്രയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് മഹായുതി ഇത്ര വലിയ നേട്ടമുണ്ടാക്കുന്നത്. തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിക്കായി കോണ്‍ഗ്രസ് നൂറിലധികം സ്ഥാനാര്‍ഥികളെ കളത്തിലിറക്കിയിരുന്നെങ്കിലും അതില്‍ 16 പേര്‍ മാത്രമായിരുന്നു വിജയിച്ചത്.