ന്യൂഡല്‍ഹി: കുത്തക മുതലാളിമാര്‍ക്കെതിരെയും ഈസ്‌റ്റ് ഇന്ത്യാ കമ്പനിക്കെതിരെയുമുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലേഖനം വലിയ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു. ഒരു ദിനപത്രത്തിലെ 'പഴയ ഈസ്‌റ്റ് ഇന്ത്യാ കമ്പനിക്ക് പകരം പുതിയ കുത്തകകൾ വരുന്നു' എന്ന രാഹുല്‍ ഗാന്ധിയുടെ ലേഖനമാണ് പുതിയ ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയത്. ഈസ്‌റ്റ് ഇന്ത്യ കമ്പനി 150 വർഷങ്ങൾക്കു മുൻപ് ഉണ്ടാക്കിയ ഭയം ആധുനിക കുത്തകകൾ വഴി രാജ്യത്ത് തിരിച്ചെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നമിട്ട് രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു.
പ്രാദേശിക ഭരണാധികാരികൾക്ക് നേരെയുള്ള ഭീഷണികളിലൂടെയും ബലപ്രയോഗത്തിലൂടെയും രാജ്യത്തിന്‍റെ അധികാര ശ്രേണികളിലേക്ക് നുഴഞ്ഞുകയറി രാജ്യത്തെ നിശബ്‌ധമാക്കുകയാണ് ഈസ്‌റ്റ് ഇന്ത്യ കമ്പനി ചെയ്‌തതെന്നും ഇന്ത്യയിലെ രാജകുടുംബങ്ങള്‍ ബ്രിട്ടീഷുകാരെ പിന്തുണച്ചിരുന്നുവെന്നും രാഹുല്‍ ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു.
ഇതിനുപിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയും രാജകുടുംബാംഗവുമായ ജോതിരാദിത്യ സിന്ധ്യ രംഗത്തെത്തി, 'വിദ്വേഷം വിൽക്കുന്നവർക്ക് ഇന്ത്യയുടെ അഭിമാനത്തെയും ചരിത്രത്തെയും കുറിച്ച് പ്രഭാഷണം നടത്താൻ അവകാശമില്ല' എന്ന് രാഹുല്‍ ഗാന്ധിക്ക് മറുപടിയായി സിന്ധ്യ പറഞ്ഞു.
ഭാരതത്തിന്‍റെ സമ്പന്നമായ പൈതൃകത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ കൊളോണിയൽ ചിന്താഗതിയെക്കുറിച്ചും രാഹുൽ ഗാന്ധിയുടെ അജ്ഞത എല്ലാ പരിധികളും കടന്നിരിക്കുന്നുവെന്നും സിന്ധ്യ വിമര്‍ശിച്ചു. അതേസമയം, ബിജെപിയും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കും മുൻപ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വസ്‌തുതകൾ പരിശോധിക്കണമെന്ന് സൊമാറ്റോ, ഹൽദിറാം, ടൈനർ, സെറോദ, ലാർസൻ ആൻഡ് ടൂബ്രോ, മഹീന്ദ്ര, എച്ച്.ഡി.എഫ്.സി. തുടങ്ങിയ ഒൻപത് ഇന്ത്യൻ കമ്പനികളുടെ മേധാവികൾ മോദിയിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ചുള്ള പ്രതികരണങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് ബിജെപി വ്യക്തമാക്കി.
ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാഹുല്‍ ഗാന്ധിയെ വിമർശിച്ചതിന് പിന്നാലെ മറുപടിയുമായി കോണ്‍ഗ്രസിന്‍റെ മാധ്യമ, പബ്ലിസിറ്റി വിഭാഗം തലവൻ പവൻ ഖേര രംഗത്തെത്തി. ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്‌റ്റ് ഇന്ത് കമ്പനിയെ സിന്ധ്യയുടെ രാജകുടുംബം പിന്തുണച്ചിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.