കേരളം

kerala

ETV Bharat / bharat

കശ്‌മീര്‍ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം: 'വസ്‌തുത കണ്ടെത്തല്‍' സമിതി രൂപീകരിച്ച് കോണ്‍ഗ്രസ് - CONGRESS SET FACT FINDING COMMITTEE

പാര്‍ട്ടിയുടെ മുന്‍ മുഖ്യവക്താവും നിയമസഭാംഗവുമായ രവീന്ദര്‍ ശര്‍മ്മയാണ് സമിതിയെ നയിക്കുന്നത്

jammu Kashmir assembly elections  Congress won six seats only  Tariq Hameed Karra  Ravinder Sharma
Congress set up fact-finding committee to assess dismal performance in assembly elections (ETV Bharat)

By ETV Bharat Kerala Team

Published : Oct 18, 2024, 8:09 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ നിയമസഭയിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തെ കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. ബിജെപി തങ്ങളെ എങ്ങനെയാണ് പരാജയപ്പെടുത്തിയതെന്ന വസ്‌തുത കണ്ടെത്താനാണ് സമിതിയെ രൂപീകരിച്ചിട്ടുള്ളത്. ജമ്മു കശ്‌മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ താരീഖ് ഹമീദ് കാരയാണ് സമിതിയെ ചുമതലപ്പെടുത്തിയത്. പാര്‍ട്ടിയുടെ മുന്‍ മുഖ്യവക്താവും നിയമസഭംഗവുമായ രവീന്ദര്‍ ശര്‍മ്മയാണ് സമിതിയെ നയിക്കുന്നത്. മുപ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

32 മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് മുസ്‌ലിം ഭൂരിപക്ഷമുള്ള കശ്‌മീര്‍ താഴ്‌വരയിലെ ആറ് മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. ആറ് സീറ്റുകളിലും ജമ്മുവിലെ നാല് ജില്ലകളിലും കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി. ഉധംപൂര്‍, സാമ്പ, കത്വ, ജമ്മു ജില്ലകളിലാണ് കോണ്‍ഗ്രസ് സംപൂജ്യരായത്. നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും ബിജെപി ഹിന്ദുഭൂരിപക്ഷമുള്ള മേഖലകളില്‍ ജയിച്ച് കയറി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രജൗരിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ വിജയിക്കാനായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഫ്‌തികര്‍ അഹമ്മദ് ബിജെപി നേതാവ് വിബോധ് ഗുപ്‌തയെ ആണ് പരാജയപ്പെടുത്തിയത്. ശ്രീനഗറിലെ സെന്‍ട്രല്‍ ഷാല്‍തെങില്‍ നിന്ന് ജമ്മു കശ്‌മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് കാര വിജയിച്ചു. അനന്തനാഗ് ജില്ലയിലെ ദൂരുവില്‍ ഗുലാം അഹമ്മദ് മിറിന് വിജയിക്കാനായി. ബന്ദിപുരയില്‍ നിസാം ഉ ദിന്‍ഭട്ട് വിജയിച്ചു. അനന്തനാഗില്‍ നിന്ന് പിര്‍സാദ സയീദും തെരഞ്ഞെടുക്കപ്പെട്ടു. ബാരാമുള്ള ജില്ലയിലെ വാഗൂരി ക്രീരിയില്‍ നിന്ന് ഇര്‍ഫാന്‍ ഹഫീസ് ലോണും വിജയിച്ചു.

എഐസിസി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാണ് ഉന്നതാധികാര സമിതിയെ രൂപീകരിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. പരാജയത്തിനുള്ള കാരണങ്ങള്‍ കണ്ടെത്തിയ ശേഷം പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി. ജഹാംഗിര്‍ മിര്‍, നരേഷ് ഗുപ്‌ത, താക്കൂര്‍ ബല്‍വാന്‍ സിങ്, ഷാ മുഹമ്മദ് ചൗധരി, വേദ് മഹാജന്‍, ദിന നാഥ് ഭഗത് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

Also Read:ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കല്‍; പ്രമേയം പാസാക്കി മന്ത്രിസഭ, കരടുമായി പ്രധാനമന്ത്രിയെ കാണാന്‍ ഒമര്‍ അബ്‌ദുള്ള

ABOUT THE AUTHOR

...view details