ന്യൂഡൽഹി :ലോക്‌സഭ തെരഞ്ഞെടുപ്പിനായുളള കോണ്‍ഗ്രസ് പാർട്ടി പ്രകടന പത്രികയുടെ കരട് തയ്യാറാക്കി കോൺഗ്രസ്. കരട് റിപ്പോർട്ട് ഇനി കോൺഗ്രസ് പ്രവർത്തക സമിതി ചർച്ച ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കരട് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രകടനപത്രിക സമിതി അധ്യക്ഷനും മുൻ ധനമന്ത്രിയുമായ പി ചിദംബരം പറഞ്ഞു (Congress Panel Prepares Draft Manifesto For Lok Sabha Polls).
തങ്ങൾ കരട് പ്രകടനപത്രിക തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോൾ അത് കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് പോകും. പാർട്ടി പ്രവർത്തക സമിതിയിലെ മറ്റ് മുതിർന്ന നേതാക്കളുമായി ചേർന്ന് പ്രകടനപത്രികയ്ക്ക് അന്തിമരൂപം നൽകും. അത് കോൺഗ്രസ് പാർട്ടിയുടെ രേഖയാകുമെന്നും ഈ കരട് നാളെ (07.03.2024) കോൺഗ്രസ് അധ്യക്ഷന് തങ്ങൾ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിവിധ പ്രായക്കാരെ ലക്ഷ്യമിട്ട് അടുത്തയാഴ്‌ച മുതൽ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പബ്ലിസിറ്റി മെറ്റീരിയലുകൾക്കും ഹോർഡിങ്ങുകൾക്കുമായി പാർട്ടി രണ്ട് വലിയ കമ്പനികളെ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.