ഭോപ്പാൽ:ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ കോൺഗ്രസിന് വന്‍ തിരിച്ചടി. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് പച്ചൗരിയടക്കമുള്ള നിരവധി നേതാക്കള്‍ ബിജെപിയിൽ ചേർന്നു. ശനിയാഴ്‌ച (09-03-2024) രാവിലെ മുന്‍ എംഎല്‍എയായ സഞ്ജയ് ശുക്ലക്കൊപ്പം ഭോപാലിലെ ബിജെപി ഓഫീസിലെത്തിയാണ് സുരേഷ് പച്ചൗരി ബിജെപിയിൽ അംഗത്വമെടുത്തത്.
സുരേഷ് പച്ചൗരിയെ കൂടാതെ മുൻ എംപി ഗജേന്ദ്ര സിംഗ് രാജുഖേദി, അർജുൻ പാലിയ, വിശാൽ പട്ടേൽ എന്നിവരും ബിജെപിയിൽ ചേർന്നിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന ബിജെപി അധ്യക്ഷൻ വി.ഡി. ശർമ, മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ പാർട്ടി സംസ്ഥാന ആസ്ഥാനത്തെത്തിയാണ് നേതാക്കൾ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നത് (Suresh Pachouri).
ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് 71 കാരനായ പച്ചൗരി. ഒരു കാലത്ത് മധ്യപ്രദേശ് കോൺഗ്രസിനെ നിയന്ത്രിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പി.വി. നരസിംഹറാവു, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. പ്രതിരോധ സഹമന്ത്രി, പേഴ്‌സണല്‍കാര്യ സഹമന്ത്രി, പാര്‍ലമെന്‍ററി കാര്യസഹമന്ത്രി സ്ഥാനങ്ങളായിരുന്നു പച്ചൗരി വഹിച്ചിരുന്നത്. നാലുതവണ രാജ്യസഭ അംഗവുമായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ മധ്യപ്രദേശ് ഘടകം പ്രസിഡൻ്റായും യൂത്ത് കോൺഗ്രസ് സംസ്ഥാന ഘടകം പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
പാർട്ടിയിൽ ഒതുക്കപ്പെടുന്നുവെന്നുള്ള പരാതി ഏറെ നാളായി അദ്ദേഹം ഉന്നയിച്ചിരുന്നു. സംസ്ഥാന തലത്തിന് പുറമേ കേന്ദ്രതലത്തിൽ പുനഃസംഘടനകളൊക്കെ നടന്ന സമയത്തും പച്ചൗരി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ പരിഗണിക്കപ്പെട്ടില്ല. തരം താഴ്‌ത്തിയതിന്‍റെ വിഷമത്തിലാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് കോൺഗ്രസ് ജാതിരഹിതവും, വർഗരഹിതവുമായ സമൂഹത്തെക്കുറിച്ചാണ് സംസാരിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ രാജ്യത്തെ ജാതിയുടെ പേരിൽ വിഭജിക്കുകയാണെന്നും ബിജെപിയിൽ ചേർന്നതിന് ശേഷം പച്ചൗരി പറഞ്ഞു(former Union minister Suresh Pachouri, ex-MP Rajukhedi among leaders who join BJP).
പാർട്ടിയിൽ ചേരുന്നതിന് മുമ്പ് സുരേഷ് പച്ചൗരി ഒരു വ്യവസ്ഥയും മുന്നോട്ട് വച്ചിട്ടില്ലെന്ന് പച്ചൗരിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഉപാധികളൊന്നും വെക്കാതെയാണ് പച്ചൗരി ബിജെപിയിൽ ചേർന്നത്. ഇതിനെക്കുറിച്ച് പച്ചൗരി ജിയോട് ചോദിച്ചപ്പോൾ കോൺഗ്രസിന് നേതൃത്വവും നയവുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നുമാണ് പച്ചൗരി പറഞ്ഞതെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ദിശാ ബോധമില്ലാത്ത കോണ്‍ഗ്രസിലെ നേതൃത്വത്തില്‍ മികച്ച നേതാക്കള്‍ എല്ലാവരും അസ്വസ്ഥരാണെന്നും ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു.
ധാർ (പട്ടികവർഗ) ലോക്‌സഭാ സീറ്റിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മൂന്ന് തവണ (1998, 1999, 2009 വർഷങ്ങളിൽ) എംപിയായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ ആദിവാസി നേതാവാണ് ബിജെപിയില്‍ ചേര്‍ന്ന ഗജേന്ദ്ര സിങ് രാജുഖേദി. 1990ല്‍ ബിജെപിയില്‍ ചേര്‍ന്ന ഗജേന്ദ്ര സിങ് പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. കൂടാതെ ഭോപ്പാലിലെ മുൻ ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് കൈലാഷ് മിശ്ര, പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻഎസ്‌യുഐ) മുൻ സംസ്ഥാന യൂണിറ്റ് ചീഫ്, അതുൽ ശർമ, മുതിർന്ന കോൺഗ്രസ് നേതാവ് അലോക് ചൻസോറിയ എന്നിവരും ബിജെപിയില്‍ ചേർന്നിട്ടുണ്ട്.