ന്യൂഡൽഹി : മഹാരാഷ്‌ട്രയിലെ സിന്ധുദുർഗിൽ നരേന്ദ്ര മോദി അനാഛാദനം ചെയ്‌ത ഛത്രപതി ശിവജി മഹാരാജിന്‍റെ കൂറ്റന്‍ പ്രതിമ തകർന്ന സംഭവത്തില്‍ മോദിയെ പരിഹസിച്ച് മഹാരാഷ്‌ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഹുസൈൻ ദൽവായ്. പ്രധാനമന്ത്രി എവിടെയൊക്കെ പ്രതിമ അനാഛാദനം ചെയ്‌തോ അവിടെയൊക്കെ പ്രശ്‌നമുണ്ട് എന്നായിരുന്നു ഹുസൈന്‍ ദൽവായിയുടെ പരാമര്‍ശം.
സിന്ധുദുർഗ് ജില്ലയിലെ രാജ്‌കോട്ട് കോട്ടയിൽ എട്ട് മാസം മുമ്പ് സ്ഥാപിച്ച പ്രതിമയാണ് ഇന്നലെ ശക്തമായ മഴയില്‍ തകർന്നു വീണത്. 35 അടി ഉയരമുള്ള പ്രതിമ, 2023 ഡിസംബർ 4 ന് നാവികസേനാ ദിന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്‌തത്.
വെള്ളത്തിനടിയിൽ പ്രതിമ നിർമിക്കണമെങ്കിൽ സര്‍ക്കാരിന് കാത്തിരിക്കാമായിരുന്നു എന്നും മുംബൈയിൽ അത്തരത്തിലൊരു പ്രതിമ നിർമിക്കാൻ തീരുമാനമെടുത്തുകൊണ്ടിരിക്കുകയായിരുന്നു എന്നും ദൽവായി പറഞ്ഞു. അവർക്ക് ശിവജി മഹാരാജിനോട് എന്തെങ്കിലും ബഹുമാനമുണ്ടോ എന്നും ദല്‍വായി ചോദിച്ചു.
പുതിയ പാർലമെന്‍റും അടൽ സേതു പാലവും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും ഹുസൈന്‍ ദല്‍വായി പറഞ്ഞു. 'എല്ലാ പുതിയ നിർമ്മാണങ്ങളും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. പുതിയ പാർലമെൻ് ചോർച്ച പ്രശ്‌നങ്ങൾ നേരിടുന്നു. അടൽ സേതു പാലവും പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയാണ്. പ്രധാനമന്ത്രി പോകുന്നിടത്തെല്ലാം പ്രശ്‌നം ഉണ്ടാകുന്നുണ്ട്. പ്രധാനമന്ത്രി രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ നശിപ്പിച്ചു, രാജ്യത്തെ തൊഴിലില്ലായ്‌മയും വർധിപ്പിച്ചു.'- ദല്‍വായി പറഞ്ഞു.
സംഭവം ബിജെപിക്ക് ശിവജിയോടുള്ള അനാദരവാണ് കാണിക്കുന്നതെന്ന് ശിവസേന (യുടിബി) നേതാവ് ആദിത്യ താക്കറെ പറഞ്ഞതിന് പിന്നാലെ പ്രതിമയുടെ തകർച്ച രാഷ്‌ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. 'നമ്മുടെ ദൈവമായ ഛത്രപതി ശിവജി മഹാരാജിന്‍റെ പ്രതിമയും ബിജെപിയുടെ അഴിമതിക്ക് പാത്രമാകുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്ന് താക്കറെ എക്‌സിൽ കുറിച്ചു.
'ഇവിടെയും പ്രിയങ്കരനായ ഒരു കോൺട്രാക്‌ടർ സുഹൃത്ത്. ഇവിടെയും ഭയങ്കര നിലവാരമുള്ള ജോലി. ഇവിടെയും തെരഞ്ഞെടുപ്പിനെ മുൻനിർത്തിയുള്ള ഉദ്ഘാടനം, യഥാര്‍ഥ സ്നേഹത്തിന്‍റെ പുറത്തായിരുന്നില്ല. പിന്നെയും നാണംകെട്ട രാഷ്‌ട്രീയക്കാര്‍ ഇന്ത്യൻ നേവിയെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നു.'- താക്കറെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
Also Read :പാളം മുറിച്ചുകടക്കാനുള്ള ശ്രമം പാളി, കേരള എക്‌സ്‌പ്രസിന് മുന്നില്‍ ബൈക്ക് ഉപേക്ഷിച്ച് യാത്രികൻ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്